ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി: പീഡനക്കേസിലെ ഹർജി തള്ളി, വിചാരണ തുടരാൻ ഹൈക്കോടതി ഉത്തരവ്

0
192

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതിയിൽ വിചാരണ തുടരാമെന്ന് കേരളാ ഹൈക്കോടതി. കേസിൽ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് താരം നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസ് ഒത്തുതീർപ്പാക്കിയതായി നേരത്തെ ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കോടതി നടപടികൾ തുടരാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും പരാതിക്കാരി തന്നെ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ നടപടികൾക്കുള്ള സ്റ്റേ നീക്കിയ ശേഷം വിചാരണ തുടരാൻ കോടതി നിർദ്ദേശം നൽകിയത്.

ഉണ്ണി മുകുന്ദന്‍റെ ഫ്ലാറ്റിലെത്തിയ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കോട്ടയം സ്വദേശിയായ യുവതിയുടെ പരാതി. സിനിമയുടെ കഥ പറയാൻ ക്ഷണിച്ചതിനെ തുടര്‍ന്ന് ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും നടന്‍ ശ്രമിക്കുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും രണ്ട് സാക്ഷികളെയും കോടതി വിസ്തരിച്ചു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിട്ടുണ്ട്. യുവതി പറയുന്നത് നുണയാണെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്നാണ് നടന്‍റെ പരാതി. കേസില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2017 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതി. 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here