വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

0
175

മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മഞ്ചേശ്വരം പൊലീസ് രംഗത്ത്. കാറില്‍ കടത്താന്‍ ശ്രമിച്ച 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പച്ചമ്പള സ്വദേശികള്‍ അറസ്റ്റിലായി. പച്ചമ്പള കയ്യാര്‍ റഹ്‌മ റാബിയ മന്‍സിലിലെ മുഹമ്മദ് ഹാരിസ് (30), പച്ചമ്പള ഇച്ചിലങ്കോട് പച്ചമ്പള ഹൗസിലെ ഇബ്രാഹിം ബാത്തിഷ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ കസ്റ്റഡിലെടുത്തു.

കാറില്‍ മയക്കുമരുന്ന് കടത്തുന്നതായി മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ അഡീ. എസ്.ഐമാരായ അനൂപ്, തോമസ്, നിഖില്‍, ആരിഫ്, വിനയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. കാര്‍ തടഞ്ഞ് നിര്‍ത്തി അകം പരിശോധിക്കുന്നതിനിടെ ഇരുവരും കാറില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. പിന്നീട് പിന്തുടര്‍ന്നാണ് രണ്ടുപേരേയും പിടികൂടിയത്.

കഴിഞ്ഞ ദിവസം ഓട്ടോയില്‍ കടത്തിയ 56 ഗ്രാം എം.ഡി.എം എയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, എസ്.ഐ. എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മയക്കുമരുന്ന് സംഘത്തിനെതിരെ പരിശോധന കടുപ്പിച്ചത്. രാത്രി കാലങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here