ദിവസത്തില്‍ ഒന്നിലധികം തവണ മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മധുരം കൊണ്ട്. മധുരം എന്നാല്‍ ഒരാസക്തി പോലെ. ഉറപ്പായിട്ടും അതൊരു അപകട സൂചനയാണ്. ഇതുമൂലം അമിതവണ്ണം മുതല്‍ ദന്തരോഗങ്ങള്‍ വരെ നമ്മളെ കീഴടക്കുകയും ചെയ്യും.
ഒരുതവണ ഒരൊറ്റത്തവണ ഈ ആസക്തിയൊന്ന് മാറ്റിവെച്ചു നോക്കൂ..പൂര്‍ണമായും പഞ്ചസാര ഒഴിവാക്കി ഒരു പതിനാലു ദിവസം. ഒരുപാടു കാലമായി പലതരം ഡയറ്റുകള്‍ പിന്തുടരണമെന്ന് നിങ്ങള്‍ തീവ്രമായി ആഗ്രഹിച്ചിട്ടുണ്ടാവാം. എന്നാല്‍ ഒന്നും നടക്കില്ല. ഇത്തവണ ഒന്നു ശ്രമിച്ചു നോക്കൂ. അത്ഭുതകരമായ മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ന്യൂട്രീഷണിസ്റ്റായ നമാമി അഗര്‍വാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലാണ് പഞ്ചസാര ഉപയോഗം 14 ദിവസത്തേക്ക് കുറയ്ക്കുന്നതിന്റെ ഗുണങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നേരിട്ടുള്ള പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കാനാണ് പറഞ്ഞിരിക്കുന്നത്. പഴങ്ങളും മറ്റും കഴിക്കുമ്പോള്‍ ലഭിക്കുന്ന ഷുഗര്‍ ശരീരത്തിന് ആവശ്യമാണ്. ഇങ്ങനെ, 14 ദിവസം പഞ്ചസാര ഒഴിവാക്കുമ്പോള്‍ ശരീരം രക്തത്തിലെ ഷുഗര്‍ നില ഫലപ്രദമായി നിയന്ത്രിക്കാന്‍ തുടങ്ങുമെന്നതാണ് ആദ്യത്തെ ഗുണം. ഇത് ശരീരത്തിലെ ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും കൂടുതല്‍ ഊര്‍ജ്ജം നേടാനും സഹായിക്കും.
പഞ്ചസാര കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിലും വ്യത്യാസം കാണാം. ചര്‍മ്മം തിളങ്ങുന്നതും ദഹനപ്രക്രിയ സുഗമമാകുന്നതും അറിയാന്‍ കഴിയുമെന്നാണ് നമാമി പറയുന്നത്. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച മാര്‍ഗമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഡയറ്റീഷ്യനായ സിമ്രന്‍ സെയ്‌നിയും 14 ദിവസം മധുരം ഒഴിവാക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.
യുവത്വം നിലനിര്‍ത്തുന്നു
പഞ്ചസാര കുറയ്ക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ആരോഗ്യകരമായ നിരവധി മാറ്റങ്ങള്‍ ഒരാള്‍ക്ക് കാണാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മ്മം കൂടുതല്‍ ദൃഢവും അയവുള്ളതും തിളക്കവും യുവത്വമുള്ളതുമാകുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് ചര്‍മ്മത്തിലെ കൊളാജനും ഇലാസ്റ്റിക് നാരുകളും ബന്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് ചില ക്ലിനിക്കല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് ഗ്ലൈക്കേഷന്‍ റിയാക്ഷനിലേക്ക് നയിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. പഞ്ചസാര ഉപേക്ഷിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും രക്തപ്രവാഹത്തില്‍ ഇന്‍സുലിന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാന്‍ അവ കൂടുതല്‍ സഹായിക്കുന്നു.
നിങ്ങള്‍ക്ക് നന്നായി ഉറങ്ങാം
പഞ്ചസാര കഴിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണുകളുടെ വര്‍ദ്ധനവിന് കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ? പലര്‍ക്കും ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ള ഒരു കാരണം ഇതാണ് . പഞ്ചസാര ഉപേക്ഷിക്കുന്നത് നിങ്ങള്‍ക്ക് നല്ല ഉറക്കം ഉറപ്പ് നല്‍കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
പഞ്ചസാര കുറയ്ക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. പഞ്ചസാര നമ്മുടെ ശരീരത്തിന് കലോറി ഊര്‍ജ്ജം നല്‍കുന്നു. നിങ്ങളുടെ മധുരമുള്ള ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും പകരം പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുന്നത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും . നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍, നിങ്ങളുടെ ഹോര്‍മോണുകള്‍ സ്വാഭാവികമായും നിയന്ത്രണ വിധേയമാവുകയും നിങ്ങള്‍ ആവശ്യത്തിന് കഴിച്ചുവെന്ന് നിങ്ങളുടെ തലച്ചോറിലേക്ക് സിഗ്‌നലുകള്‍ അയയ്ക്കുകയും ചെയ്യുന്നു.
അതേസമയം, നിങ്ങള്‍ സ്ഥിരമായി എന്തെങ്കിലും മരുന്ന് കഴിക്കുന്നവരാണെങ്കില്‍ നോ ഷുഗര്‍ ചലഞ്ച് എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.