10 ലക്ഷം രൂപയുടെ ഷൂ മോഷ്ടിച്ചു, എല്ലാം വലതുകാലിന്റേത്, കള്ളന്മാർക്ക് പറ്റിയ അബദ്ധം!

0
194

കള്ളന്മാർക്ക് അബദ്ധം പറ്റുന്നത് പുതിയ കാര്യമല്ല. എന്നാലും ഈ കള്ളന്മാർക്ക് പറ്റിയത് അബദ്ധമാണ് എങ്കിൽ ഇങ്ങനെ ഒരു അവസ്ഥ ശത്രുക്കൾക്ക് പോലും വരുത്തരുതേ എന്ന് നമ്മൾ അറിയാതെ പറഞ്ഞു പോകും. എന്താണ് സംഭവിച്ചത് എന്നല്ലേ? പെറുവിൽ കുറച്ച് കള്ളന്മാർ ചേർന്ന് ഒരു കടയിൽ ഷൂ മോഷ്ടിക്കാൻ കയറി. വൻ കവർച്ച തന്നെ നടത്തുകയും ചെയ്തു. പക്ഷെ, എടുത്തതെല്ലാം വലത്തേ കാലിന്റെ ഷൂ ആണെന്ന് മാത്രം.

ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഷൂവാണ് കള്ളന്മാർ എടുത്ത് കൊണ്ടുപോയത്. അതിനാലാവാം ഒറ്റക്കാലിന്റെ ഷൂ മാത്രം ഇവർ എടുത്തത്. 200 ഷൂവാണ് കള്ളന്മാർ എടുത്തിരിക്കുന്നത്. എല്ലാം വലതുകാലിന്റേത് തന്നെ. ഒറ്റ ഒന്നു പോലും ജോഡി ആയിട്ടില്ല. പെറുവിയൻ നഗരമായ ഹുവാങ്കയോയിലെ ഒരു ഷൂ ഷോപ്പിലാണ് മോഷണം നടന്നത്. മൂന്ന് പേർ അതിക്രമിച്ച് കയറിയ ശേഷം ഡിസ്പ്ലേക്ക് വച്ചിരുന്ന 200 -ലധികം ട്രെയിനേഴ്സ് മോഷ്ടിക്കുകയായിരുന്നു.

കടയുടമ പറയുന്നത് എല്ലാം കൂടി 10 ലക്ഷം രൂപയുടെ ഷൂവാണ് കള്ളന്മാർ മോഷ്ടിച്ചത് എന്നാണ്. എന്നാൽ, ഈ ഒറ്റക്കാലിന് മാത്രമുള്ള ഷൂ വിൽക്കാൻ കള്ളന്മാർക്ക് സാധിക്കുകയുണ്ടാവില്ല എന്നാണ് കടയുടമയും പൊലീസും പറയുന്നത്. സിസിടിവി ക്യാമറയിൽ മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ലോക്കൽ പൊലീസ് മേധാവിയായ എഡ്വാൻ ഡിയാസ് പെറുവിയൻ മാധ്യമങ്ങളോട് പറഞ്ഞത്, “ഞങ്ങൾ സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഈ കവർച്ചയിലെ ഏറ്റവും അസാധാരണമായ കാര്യം, വലതുകാലിലെ ഷൂസ് മാത്രം മോഷ്ടിക്കപ്പെട്ടു എന്നതാണ്. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ഉപയോ​ഗപ്പെടുത്തി ഞങ്ങൾക്ക് കള്ളന്മാരെ കണ്ടെത്താനാകും എന്നാണ്.”

LEAVE A REPLY

Please enter your comment!
Please enter your name here