താനൂര്‍: പുതിയ വീടെന്ന സ്വപ്‌നത്തില്‍ തറ കെട്ടിയപ്പോള്‍ സൈതലവി അറിഞ്ഞിരുന്നില്ല ആ വീട്ടിലേക്ക് കയറാന്‍ ഇനി താന്‍ മാത്രമേ ഉണ്ടാകുവുളളൂയെന്ന്. പൊട്ടിപ്പൊളിഞ്ഞു വീഴാറായ വീടിന് മുന്‍പില്‍ പതിനൊന്ന് ആംബുലന്‍സുകള്‍ വന്നിറങ്ങിയപ്പോള്‍ ഹൃദയം നുറുങ്ങും വേദനയോടെ സൈതലവി ഒരരികിലിരുന്നു.
പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നിന്ന് പുതിയ വീടിന് വേണ്ടി തറയിട്ട് പണി തുടങ്ങാനിരിക്കുകയായിരുന്നു സൈതലവിയും കുടുംബവും. അപ്പോഴാണ് അപ്രതീക്ഷിത ദുരന്തം സൈതലവിയെ തേടിയെത്തിയത്. അവധി ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന പതിനൊന്ന് പേരാണ് ഒരുമിച്ച് അപകടത്തില്‍പ്പെട്ടത്.
ബോട്ട് മുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന ഭാര്യയുടെ കോള്‍ ആണ് അവസാനമായി സൈതലവിയെ തേടിയെത്തിയത്. വിവരമറിഞ്ഞ് ഉറ്റവരെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴേക്കും അവരെല്ലാം സൈതവിയെ വിട്ട് പോയിരുന്നു. മകളുടെ മൃതദേഹം വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുന്ന ഹൃദയം തകര്‍ക്കും കാഴ്ചയാണ് സൈതലവി ആദ്യം കാണുന്നത്. പിന്നെ ഉറ്റവരെ ഓരോരുത്തരെയായി.
പൊട്ടിപ്പൊളിഞ്ഞ പഴയ വീട്ടിലായിരുന്നു സൈതലവി ഉള്‍പ്പെടെയുളള കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നത്.
കൂടുതല്‍ സൗകര്യമുള്ള വീട് നിര്‍മ്മിക്കാനുളള ഒരുക്കത്തിലായിരുന്നു സൈതലവിയും കുടുംബവും. വീടിനായി തറയും ഇട്ടു. എന്നാല്‍ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് വീടിനുള്ള അനുമതി ലഭിച്ചിരുന്നില്ല. നിര്‍മ്മാണവുമായി ബന്ധപ്പെട്ട പെര്‍മിറ്റിനും മറ്റുമായി ചില പ്രശ്‌നങ്ങള്‍ കുടുംബം നേരിട്ടിരുന്നു.