‘ഈ കയ്യടികളൊക്കെ നിൽക്കും, അവർ തന്നെ എന്നെ പരിഹസിക്കും’: റിങ്കുവിനും ചിലത് പറയാനുണ്ട്…

0
250

കൊൽക്കത്ത: 2023 ഐ.പി.എൽ സീസണിലെ മികച്ച പ്രകടനം ഏതെന്ന് ചോദിച്ചാൽ കൊൽക്കത്തക്കായി റിങ്കുസിങ് നേടിയ അഞ്ച് സിക്‌സറുകളും എന്തായാലും ഉണ്ടാകും. ആ രാത്രിയോടെ റിങ്കുവിന്റെ ജീവിതം മാറി. കൊൽക്കത്തൻ ക്യാമ്പിൽ മാത്രം അറിയപ്പെട്ടിരുന്ന റിങ്കു പിന്നെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടവനായി. എന്നാൽ അഞ്ച് സിക്‌സറുകളിൽ മാത്രം ഒതുങ്ങിയില്ല റിങ്കുവിന്റെ പ്രകടനം. തുടർന്നും റിങ്കു തന്റെ ഫോം തുടർന്നു.

പ്ലേഓഫ് കാണാതെ കൊൽക്കത്ത പുറത്തായെങ്കിലും റിങ്കു, ഇന്ത്യൻ ടീമിൽ കണ്ണുവെച്ചിരിക്കുകയാണ്. അതേസമയം ഈ കയ്യടികളൊന്നും അധികനാൾ ഉണ്ടാവില്ലെന്ന് പറയുകയാണ് റിങ്കു സിങ്. ഇപ്പോൾ കയ്യടിച്ചവർ, തന്നെ പരിഹസിക്കുമെന്നും റിങ്കു സിങ് പറയുന്നു. ഞാൻ എവിടെ നിന്നാണ് വന്നതെന്ന് എനിക്ക് അറിയാം, ഈ പ്രശസ്തിയൊക്കെ വെറും രണ്ട് മിനുറ്റ് മാത്രമാണ്. ഇപ്പോൾ കയ്യടിച്ചവർ തന്നെ എന്നെ വെറുക്കും- റിങ്കു പറഞ്ഞു.

ജീവിതത്തിന്റെ രണ്ടക്കം കൂട്ടിമുട്ടിക്കാനായി അമ്മ തന്നോട് തൂപ്പു ജോലി ചെയ്യാൻ പറഞ്ഞകാര്യവും റിങ്കു സിങ് ഓർത്തെടുക്കുന്നു. എന്റെ കഠിനാധ്വാനം ആരും കണ്ടില്ല. എന്റെ വിജയമാണ് എല്ലാവരും അറിഞ്ഞത്. ഒന്നുമില്ലാത്തവനിൽ നിന്ന് ജീവിതം തുടങ്ങിയതാണ് ഞാൻ, പണമോ പഠിപ്പോ ഉണ്ടായിട്ടില്ല. ജീവിതം വഴിമുട്ടി നിന്നപ്പോഴും ക്രിക്കറ്റ് ആണ് എന്നെ മോഹിപ്പിച്ചത്. അതിനായി എന്തും സഹിക്കാൻ തയ്യറായിരുന്നു. ക്രിക്കറ്റിൽ എന്തെങ്കിലുമൊക്കെ ആയിത്തീർന്നെങ്കിൽ പലരോടും കടപ്പെട്ടിരിക്കുന്നുവെന്നും റിങ്കു സിങ് പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു റിങ്കുവിന്റെ തുറന്നുപറച്ചിൽ.

474 റൺസാണ് റിങ്കുസിങ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പേസർ യാഷ് ദയാലിനെയാണ് റിങ്കു അഞ്ച് സിക്‌സറുകൾ പായിച്ചത്. ആ സിക്‌സറുകൾക്ക് ശേഷം യാഷ് ദയാൽ മാനസികമായി തളർന്നിരുന്നു. എന്നാൽ ഗുജറാത്തിന്റെ കൂട്ടായ പരിശ്രമത്തിന് മുന്നിൽ താരം തിരിച്ചെത്തുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചപ്പോഴൊക്കെ ലോവർ ഓർഡറിലാണ് ബാറ്റ് ചെയ്തതെന്നും കൊൽക്കത്തക്കായി ആ പ്രകടനം തുണയായെന്നും റിങ്കു വ്യക്തമാക്കുന്നു. അതേസമയം ഏഴാം സ്ഥാനത്താണ് കൊൽക്കത്ത ഫിനിഷ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here