വിവാഹം ലവ് ജിഹാദെന്ന്; ഭർത്താവ് യഥാർത്ഥ മുസ്‌ലിം തന്നെയെന്ന് തിരിച്ചടിച്ച് നടി

0
401

വിവാഹം ലവ് ജിഹാദാണെന്ന ആരോപണത്തിന് മറുപടിയുമായി നടി ദേവൊലീന ഭട്ടാചാർജി. ദ കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ടാണ് ദേവൊലീനയുടെ പേര് പരാമർശിക്കപ്പെട്ടത്. ഹരിദ്വാറിൽ പെൺകുട്ടികൾക്ക് വേണ്ടി വിഎച്ച്പി നേതാവ് സാധ്വി പ്രാചി സംഘടിപ്പിച്ച കേരള സ്റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട ട്വീറ്റിന് താഴെയാണ് നടിയും ഭർത്താവ് ഷാനവാസ് ശൈഖും ആരോപണ വിധേയരായത്. കമന്റിൽ ഒരാൾ ദേവൊലീനയുടെ പേര് പരാമർശിക്കുകയും ഇവരുടെ വിവാഹത്തെ ലവ് ജിഹാദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇതിനു താഴെ, തങ്ങൾ കേരള സ്‌റ്റോറി കണ്ടതാണെന്നും തെറ്റിനെ തെറ്റായി കാണാനുള്ള ധൈര്യം ഉള്ളയാളാണ് തന്റെ ഭർത്താവെന്നും നടി തിരിച്ചടിച്ചു. ‘ഹേ ഖാൻ സാബ്, ഇതിലേക്ക് എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഞാനും ഭർത്താവും കേരള സ്‌റ്റോറി കണ്ടതാണ്. ഇഷ്ടപ്പെടുകയും ചെയ്തു. യഥാർത്ഥ ഇന്ത്യൻ മുസ്‌ലിമിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? തെറ്റിനെ തെറ്റായി കാണാനുള്ള കരുത്തും ധൈര്യവും ഉള്ളയാളാണ് എന്റെ ഭർത്താവ്.’ – എന്നായിരുന്നു നടിയുടെ മറുപടി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് തന്റെ ജിം ട്രയിനറായ ഷാനവാസ് ശൈഖിനെ ദേവൊലീന വിവാഹം കഴിച്ചത്. നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും വേഷമിട്ടിട്ടുണ്ട്. തുടർച്ചയായ മൂന്ന് ബിഗ്‌ബോസ് സീരീസിൽ മത്സരാർത്ഥിയായിരുന്നു.

കേരളത്തിൽനിന്നുള്ള മൂന്നു പെൺകുട്ടികൾ മതപരിവർത്തനത്തിന് വിധേയരായി ഐഎസിൽ ചേരുന്നതാണ് സുദിപ്തോ സെന്‍ സംവിധാനം ചെയ്ത കേരള സ്‌റ്റോറിയുടെ ഇതിവൃത്തം. 32000 പെൺകുട്ടികൾ ഇത്തരത്തിൽ മതപരിവർത്തനം ചെയ്യപ്പെട്ടു എന്നായിരുന്നു അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇത് വിവാദമായതോടെ ട്രയിലറിൽ നിന്നടക്കം ഇക്കാര്യം നീക്കം ചെയ്തിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here