സിദ്ദീഖിനെയും മക്കളെയും പൂരപ്പുഴയെടുത്തു; വീട്ടുകാരുടെ ഏകവാഹനം മോഷ്ടിച്ചും ക്രൂരത

0
202

താനൂർ ∙ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ബോട്ടപകടത്തിൽ മരിച്ച പിതാവും മക്കളും എത്തിയിരുന്ന ബൈക്ക് മോഷണം പോയി. താനൂർ ഓലപ്പീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ ബൈക്കാണ് വിനോദ സഞ്ചാരകേന്ദ്രത്തിനു സമീപത്തുനിന്നു കളവുപോയത്. ഇതു സംബന്ധിച്ച് ഭാര്യ മുനീറ പൊലീസിൽ പരാതി നൽകി.

അപകടത്തിൽ സിദ്ദീഖിനു പുറമേ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3) എന്നിവരും മരിച്ചിരുന്നു. അപകടദിവസം ഈ ബൈക്കിലാണ് വീട്ടിൽ നിന്നെത്തിയത്. ജെട്ടിക്കു സമീപമാണ് ബൈക്ക് പാർക്ക് ചെയ്തിരുന്നു. ദുരന്തത്തിന്റെ രണ്ടാം ദിവസം ഇവിടെ ബൈക്ക് കണ്ടവരുണ്ട്. എന്നാൽ വീട്ടിലെ മരണാന്തര ചടങ്ങുകൾ കഴിഞ്ഞു മൂന്നാം ദിവസം ബന്ധുക്കൾ ബൈക്ക് അന്വേഷിച്ച് തീരത്തു പോയപ്പോഴാണ് കാണാതായതായി അറിയുന്നത്.

സാമ്പത്തികമായി വലിയ പ്രയാസം നേരിടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിദ്ദീഖ്. സംസാര വെല്ലുവിളി നേരിടുന്ന കുട്ടിയാണ് മരിച്ച ഫാത്തിമ മിൻഹ. ഇവളുടെ സന്തോഷത്തിനു വേണ്ടിയാണ് അവധി ദിനത്തിൽ പിതാവ് മക്കളെ കൂട്ടി തൂവൽതീരത്തക്കു പോയത്. രോഗിയായ മാതാവിനെ പരിചരിക്കേണ്ടതുള്ളതിനാൽ ഭാര്യ മുനീറയെ വീട്ടിലാക്കി. പിന്നീട് തിരിച്ചെത്തിയത് 3 പേരുടെയും മൃതദേഹമായിരുന്നു. ആ ദുഃഖത്തിന്റെ നടുവിൽനിൽക്കുമ്പോഴാണു കുടുംബത്തിന്റെ ഏക വാഹനമായിരുന്ന ബൈക്ക് ആരോ കൊണ്ടുപോയത്.

മോഷണ വാർത്ത പുറത്തുവന്നതോടെ വ്യാഴാഴ്ച രാത്രിയിൽ, 3 കിലോമീറ്റർ അകലെയുള്ള പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ ഉപേക്ഷിച്ചനിലയിൽ ബൈക്ക് കണ്ടെത്തി. നാട്ടുകാരാണ് ബൈക്ക് കണ്ടെത്തിയതും ബന്ധുക്കളെ അറിയിച്ചതും. ബൈക്കിനു കേടുപാടുണ്ടെന്നും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയെന്നും ബന്ധുക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here