‘രണ്ടു കുഞ്ഞുങ്ങളെ രക്ഷിക്കാനായി, എന്റെ കുഞ്ഞിനെ മാത്രം….’ – മകളെ രക്ഷിക്കാനാകാത്തതിന്റെ വേദനയിൽ വിങ്ങിപ്പൊട്ടി നിഹാസ്

0
286

താനൂർ: ബോട്ടപകടത്തിൽ രണ്ടു കുഞ്ഞുങ്ങളെ രക്ഷിച്ചപ്പോഴും തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാത്തതിന്റെ വേദനയിലാണ് മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ്. ഭാര്യക്കും മകൾക്കുമൊപ്പം അവധി ദിനം ആഘോഷിക്കാനാണ് നിഹാസ് താനൂരിൽ എത്തിയത്. കടൽപ്പാലം കാണാനാണ് എത്തിയതെങ്കിലും 6.30 കടൽപ്പാലം അടച്ചുപോയതിനാൽ ബോട്ട് സർവീസിന് പോവുകയായിരുന്നുവെന്ന് നിഹാസ് മീഡിയ വണ്ണിനോട് പറഞ്ഞു.

‘6.40നാണ് എത്തിയത്. അപ്പോഴേക്കും കടൽപാലം കാഅടച്ചു. അതിനാൽ ബോട്ട് സർവീസിന് പോവുകയായിരുന്നു. പോകേണ്ടെന്ന് ഭാര്യ പലതവണ പറഞ്ഞതാണ്. പക്ഷേ, മകൾക്ക് കടൽ കാണാനിഷ്ടമാണ്. അതു​കൊണ്ടാണ് പോയത്.

ബോട്ടിൽ കയറിയപ്പോൾ ലൈഫ് ജാക്കറ്റ് ഇടാൻ ജീവനക്കാർ പറഞ്ഞിരുന്നു. അത് ആരും ശ്രദ്ധിച്ചില്ല. ബോട്ട് യാത്ര തുടങ്ങി കുറച്ച് മുന്നോട്ട് പോയപ്പോഴേക്കും മൊത്തമായി കറങ്ങി. മകൾ എന്റെ കൈയിൽ തന്നെയുണ്ടായിരുന്നു. പക്ഷേ, കൈവിട്ടുപോയി. ഭാര്യയെയും കാണാതായി. ബോട്ടിനടിയിൽ വരെ വന്ന് തിരഞ്ഞപ്പോൾ വേറൊരു കുട്ടിയെ കിട്ടി ആ കുഞ്ഞിനെ മുകളിലെത്തിച്ച് രക്ഷിച്ചു. വീണ്ടും ബോട്ടിനടിയിലേക്ക് വന്ന് തിരഞ്ഞു. അപ്പോൾ മറ്റൊരു കുഞ്ഞിനെയും കിട്ടി. എന്റെ കുഞ്ഞിനെ മാത്രം…

എന്റെ മോൾക്ക് ഈ ആഗസ്റ്റിൽ ഏഴ് വയസ് തികയുകയേ ഉള്ളൂ. ഞങ്ങൾക്ക് അവൾ മാത്രമേയുള്ളു…

മകളെ കണ്ടെത്തി ആശുപത്രിയിലേക്ക് അയക്കുമ്പോൾ കൂടെ കയറാൻ ഭാര്യ പറഞ്ഞാണ്. മറ്റൊരു കുട്ടിക്ക് ഗുരുതരാവസ്ഥ കണ്ടതിനാൽ അവരെകൂടി ആ വാഹനത്തിൽ കയറ്റി. ഞാൻ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയി​ലെത്തിയത്. അപ്പോഴേക്കും അവൾ പടച്ചോന്റെ അടുത്ത്…. -നിഹാസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് താനൂർ പൂരപ്പുഴയിൽ ബോട്ട് മറിഞ്ഞത്. 22 പേരാണ് അപകടത്തിൽ മരിച്ചത്. പരിധിയിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ബോട്ട് ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here