നിയന്ത്രണം വിട്ട ബസ് തേനീച്ചക്കൂട്ടിൽ ഇടിച്ചു; കൊലയാളി തേനീച്ചകളുടെ ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു

0
205

നിയന്ത്രണം വിട്ട വാഹനം ആഫ്രിക്കൻ തേനീച്ചക്കൂട്ടിൽ ഇടിച്ചതിനെ തുടർന്നുണ്ടായ തേനീച്ചകളുടെ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ നിക്കരാഗ്വയിൽ ആണ് സംഭവം. ജിനോടെഗയിൽ നിന്ന് സാൻ സെബാസ്റ്റ്യൻ ഡി യാലിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.

ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ ഉണ്ടായ യന്ത്രത്തകരാറുമൂലം ബസ്സിന്റെ നിയന്ത്രണം നഷ്ടമായി 160 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിനിടയിൽ വാഹനം ആഫ്രിക്കൻ തേനീച്ചക്കൂട്ടിൽ തട്ടിയതാണ് എട്ട് വയസ്സുകാരി ഉൾപ്പെടെ ആറ് പേരുടെ മരണത്തിന് ഇടയാക്കിയത്. ഏകദേശം 60 യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. ഇതിൽ 45 പേർക്കോളം തേനീച്ചകളുടെ ആക്രമണം ഏറ്റിട്ടുണ്ടെന്നാണ് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.

നിയന്ത്രണം വിട്ട വാഹനം ആദ്യം മറിഞ്ഞത് ഒരു കാപ്പി തോട്ടത്തിലേക്ക് ആയിരുന്നു. എന്നാൽ ആ അപകടത്തിൽ ബസ്സിലെ യാത്രകാർക്ക് ഗുരുതരമായ പരിക്കുകൾ ഒന്നു പറ്റിയിരുന്നില്ല. എന്നാൽ, ഇതിനിടിയിൽ ബസ്സ് തട്ടി ഇളകിയ ആഫ്രിക്കൻ തേനീച്ചകൾ കൂട്ടത്തോടെ ബസ്സിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു, തേനീച്ചകളുടെ ആക്രമണത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടമാവുകയും 14 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തേനീച്ചകളുടെ സാന്നിധ്യം രക്ഷാപ്രവർത്തനത്തിനും തടസ്സമായി. പരിക്കേറ്റവരിൽ നാല് വയസ്സുള്ള ജസ്റ്റിൻ റിവാസും അൽമ റിവാസ് എന്ന ഗർഭിണിയും ഉൾപ്പെടുന്നു. ചില യാത്രക്കാരെ പ്രാദേശിക ആശുപത്രിയിലും മറ്റുള്ളവരെ ജിനോടെഗയിലെ മെഡിക്കൽ സെന്ററിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ദേശീയ പൊലീസിന്റെ ട്രാൻസിറ്റ് യൂണിറ്റ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കൻ തേനീച്ചകൾ അഥവാ കൊലയാളി തേനീച്ചകൾ എന്നറിയപ്പെടുന്ന ഇവ ആക്രമണാത്മക പെരുമാറ്റത്തിന് പേരുകേട്ടവയാണ്. തെക്ക്, മധ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ മാത്രമാണ് ഈ കൊലയാളി തേനീച്ചകൾ കാണപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here