സൗജന്യ ബസ്‌യാത്ര, അരി; 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍

0
302

ബെംഗളൂരു: രാജ്യത്തിന്റെ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഉയര്‍ത്തിയ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം തത്വത്തില്‍ അംഗീകാരം നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

ജി.പരമേശ്വര, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോര്‍ജ്,എം.ബി.പാട്ടീല്‍, സതീഷ് ജാര്‍കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിങ്ക റെഡ്ഡി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് ചുമതലയേറ്റ മന്ത്രിമാര്‍.അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നിയമസഭ ചേരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ചിന വാഗ്ദ്ധാനങ്ങള്‍

 

  1. എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)
  2. എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി)
  3. എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)
  4. തൊഴിലില്ലാത്ത ബിരുദധാരികളായ യുവജനങ്ങള്‍ക്ക് രണ്ട് വര്‍ഷം പ്രതിമാസം 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ പ്രതിമാസം ലഭിക്കും 18 മുതല്‍ 25 വരെ പ്രായപരിധിയിലുള്ളവര്‍ക്കാണ് ഈ ആനുകൂല്യം (യുവനിധി)
  5. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

അധികാരമേറ്റയുടന്‍ ഈ വാഗ്ദാനങ്ങള്‍ ഉടനടി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യമപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് കര്‍ണാടകത്തില്‍ വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കാനുള്ള നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here