രോഹിത്തിനെ ഔട്ടാക്കിയത് തേര്‍ഡ് അമ്പയറുടെ ആന മണ്ടത്തരം, പിഴവ് ചൂണ്ടിക്കാട്ടി ആരാധകര്‍

0
270

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടെ പുറത്താകലിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച. വാനിന്ദു ഹസരങ്കയുടെ പന്തില്‍ ഫ്രണ്ട് ഫൂട്ടിലേക്ക് ഇറങ്ങിക്കളിച്ച രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും ആര്‍സിബി തീരുമാനം റിവ്യു ചെയ്തു.

എന്നാല്‍ മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായതോടെ തേര്‍ഡ് അമ്പയര്‍ രോഹിത്തിനെ ഔട്ട് വിളിച്ചു. ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ആര്‍സിബി റിവ്യു ചെയ്തപ്പോള്‍ തന്നെ കമന്‍റേറ്റര്‍മാര്‍ മൂന്ന് മീറ്റര്‍ നിയമത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു. രോഹിത് ഫ്രണ്ട് ഫൂട്ടില്‍ മൂന്നോട്ടാഞ്ഞ് കളിച്ചതിനാല്‍ മൂന്ന് മീറ്റര്‍ പരിധിയുടെ ഇളവില്‍ പന്ത് വിക്കറ്റില്‍ കൊള്ളുമെന്ന് വ്യക്തമായാലും എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെടുമെന്ന് കരുതിയിരിക്കെയാണ് തേര്‍ഡ് അമ്പയര്‍ രോഹിത്തിനെ ഔട്ട് വിധിച്ചത്.

അമ്പയറുടെ തീരുമാനം കണ്ട് രോഹിത്തിന് പോലും വിശ്വസിക്കാനുമായില്ല. എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ ബാറ്റര്‍ ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ വിക്കറ്റില്‍ നിന്ന് മൂന്ന് മീറ്റര്‍ കൂടുതല്‍ അകലത്തിലുള്ളപ്പോഴാണ് പന്ത് പാഡ് തട്ടുന്നതെങ്കില്‍ അത് ഔട്ട് വിളിക്കാനാവില്ലെന്നാണ് നിയമത്തില്‍ പറയുന്നത്. ഹസരങ്കയുടെ പന്തില്‍ രോഹിത് മുന്നോട്ടാഞ്ഞ് കളിച്ചപ്പോള്‍ സ്റ്റംപില്‍ നിന്ന് 3.7 മീറ്റര്‍ അകലമുണ്ടായിരുന്നുവെന്നും അതിനാല്‍ തന്നെ അത് എല്‍ബിഡബ്ല്യു വിളിക്കാനാവില്ലെന്നുമാണ് ആരാധകരും മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടുന്നത്.

ആര്‍സിബിക്കെതിരെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായ രോഹിത് തുടര്‍ച്ചയായ അഞ്ചാം ഇന്നിംഗ്സിലാണ് രണ്ടക്കം കാണാതെ മടങ്ങുന്നത്. ഇന്നലെ ആര്‍സിബിക്കെതിരായ മത്സരത്തിന് മുമ്പ് രോഹിത് തുടര്‍ച്ചയായ രണ്ട് ഇന്നിംഗ്സുകളില്‍ പൂജ്യത്തിന് പുറത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here