‘ഭര്‍ത്താവിന് ദീര്‍ഘനാള്‍ ശാരീരിക ബന്ധം നിഷേധിക്കുന്നത് ക്രൂരത’; വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

0
249

പ്രയാഗ്രാജ്: ന്യായമായ കാരണമില്ലാതെ ദീർഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. ഹരജിക്കാരന് വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹമോചനം തേടിയത്.

1979 ലാണ് ഇരുവരും വിവാഹിതരായത്. കുറച്ച് നാളുകൾക്ക് ശേഷം ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം വന്നതായും താനുമായി സഹവസിക്കാൻ വിസമ്മതിച്ചതായും ഹരജിക്കാരൻ പറയുന്നു. പിന്നീട് ഭാര്യ സ്വന്തം വീട്ടിൽ താമസിക്കാൻ തുടങ്ങി. തിരികെ വിളിച്ചെങ്കിലും ഭാര്യ മടങ്ങി വന്നില്ല. തുടർന്ന് 1994 ൽ ഗ്രാമപ്രമുഖരുടെ സാന്നിധ്യത്തിൽ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു. ഭാര്യക്ക് 22,000 രൂപ ജീവനാംശം നൽകിയെന്നും ഹരജിക്കാരന്‍ പറയുന്നു.

2005 ലാണ് ഭർത്താവ് നിയമപരമായി വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയിൽ ഹരജി നൽകിയത്. എന്നാൽ ഭാര്യ കോടതിയിൽ ഹാജരായില്ല. തുടർന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി ഭർത്താവിന്റെ വിവാഹമോചന ഹരജി തള്ളി. കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഭർത്താവ് അലഹബാദ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ തക്ക കാരണമെന്നൊന്നും കാണുന്നില്ലെന്നും വിവാഹമോചനം അനുവദിക്കാമെന്നും ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here