മുസ്ലീം ലീഗിനെതിരെ വിമതരുടെ ബദല്‍ നീക്കം, കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം; സിപിഎം അറിവോടെയുള്ള നീക്കമോ?

0
334

കോഴിക്കോട് : മുസ്ലീം ലീഗിനെതിരെ ബദല്‍ നീക്കം ശക്തമാക്കി ലീഗ് വിമതര്‍ കോഴിക്കോട്ട് മുസ്ലീം സംഘടനകളുടെ യോഗം വിളിച്ചു. സമസ്ത എ പി ഇകെ വിഭാഗവും പിഡിപി, ഐഎന്‍എല്‍ തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തു. മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിക്കാനാണ് തീരുമാനം.

മലബാറിലെ പ്ലസ് ടു സീറ്റ് വിഷയത്തില്‍ സമരത്തിലേക്ക് കടക്കുമെന്ന് മുസ്ലീം ലീഗ് ആവര്‍ത്തിക്കുന്നതിനിടയിലാണ് ലീഗ് വിമതരും ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ടവരും ചേര്‍ന്ന് ഇതേ വിഷയത്തില്‍ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചത്. ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറി കെഎസ് ഹംസയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി. യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. ബാഫഖി തങ്ങളുടെ മകന്‍ ഹംസാ ബാഫഖി തങ്ങളാണ് യോഗം ഉദ്ഘാടനം ചെയ്തത്. ഇരു വിഭാഗം സുന്നി നേതാക്കള്‍ക്കു പുറമേ,പി ഡി പി,ഇരുവിഭാഗം ഐ എന്‍ എല്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഈ വിഷയത്തില്‍ തുടര്‍ നടപടികള്‍ ആലോചിക്കാനായി പുതിയ സമിതിക്കും രൂപം നല്‍കും. പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

സമുദായ സംഘടനകളുടെ ഐക്യത്തിനു വേണ്ടി പ്രത്യേകം യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗില്‍ നിന്നും നടപടി നേരിട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ, എം എസ് എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ലത്തീഫ് തുറയൂര്‍,പിപി ഷൈജല്‍,എ പി അബ്ദുസമദ് തുടങ്ങിയവരാണ് പുതിയ നീക്കത്തിനു പിന്നില്‍. ഹംസയാണ് ഫൗണ്ടേഷന്റെ കണ്‍വീനർ. മു ഈനലി തങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ലീഗ് അവസാന നിമിഷം ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. ലീഗിനുള്ളില്‍ അതൃപ്തരായവരെ പുതിയ ചേരിയില്‍ എത്തിക്കുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്. പെരിന്തല്‍മണ്ണയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച കെ പി എം മുസ്തഫയെ ഉള്‍പ്പെടെ യോഗത്തിലെത്തിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സൂചന.സിപിഎം അറിഞ്ഞു കൊണ്ടാണ് ഈ യോഗം വിളിച്ചു ചേര്‍ത്തതെന്ന സംശയവും ലീഗ് നേതൃത്വത്തിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here