കോഴിക്കോട്: സമാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. പാന്റിന്റെ പോക്കറ്റിൽ വെച്ച ‘റിയൽമി 8’ എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്. ഇന്നു രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം
രണ്ടുവർഷമായി ഫാരിസ് റഹ്മാൻ ഉപയോഗിച്ചു വരുന്ന ഫോണാണിത്. ഇതുവരെ ഫോണ് ചൂടാകുന്ന പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഫാരിസ് പറഞ്ഞു.
ജോലി സ്ഥലത്ത് എത്തിയതിന് ശേഷമാണ് പാന്റിന്റെ പോക്കറ്റിൽ നിന്ന് തീ വരുന്നത് ഫാരിസിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ പാന്റ് ഊരി മാറ്റുകയായിരുന്നു. ഇതിനിടെയാണ് പൊള്ളലേറ്റത്. വസ്ത്രത്തിനും തീപിടിച്ചു. കാലിന് സാരമായി പൊള്ളലേറ്റ ഫാരിസ് ആശുപത്രിയിൽ ചികിത്സ തേടി.