രാത്രി ട്രക്കിൽ കയറി രാഹുൽ ​ഗാന്ധിയുടെ യാത്ര; വീഡിയോ വൈറൽ

0
239

ന്യൂ‍ഡൽഹി: രാത്രി ട്രക്കിൽ കയറി യാത്ര ചെയ്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഹരിയാനയിലെ മുർതലിൽ നിന്നും അംബാലയിലേക്കായിരുന്നു രാഹുലിന്റെ യാത്ര. ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു തിങ്കളാഴ്ച രാത്രി രാഹുൽ ട്രക്കിൽ കയറി യാത്ര ചെയ്തത്.

രാത്രി 11ഓടെയാണ് രാഹുൽ മുർതലിൽ എത്തിയത്. തുടർന്ന് ഇവിടെ നിന്നും ട്രക്കിൽ കയറിയ രാഹുൽ 12ഓടെ അംബാലയിൽ എത്തി. യാത്രയ്ക്കിടെ രാഹുൽ ഗാന്ധി, ട്രക്ക് ഡ്രൈവർമാർ അനുഭവിക്കന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞു. അംബാലയിലെത്തിയ രാഹുൽ ഗാന്ധി തുടർന്ന് ഹിമാചൽ പ്രദേശിലെ ഷിംലയിലേക്ക് മറ്റൊരു വാഹനത്തിൽ പോവുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. രാത്രി മുഴുവൻ ജോലി ചെയ്യുന്ന ഹെവി വെഹിക്കിൾ ഡ്രൈവർമാർ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാനാണ് രാഹുൽ ഗാന്ധി ട്രക്കിൽ കയറിയതെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.. അംബാലയ്ക്ക് സമീപമുള്ള ട്രക്ക് സ്റ്റോപ്പിൽ നിന്നും വാഹനത്തിൽ കയറി പോവുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ കോൺഗ്രസ് നേതാക്കളടക്കം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ട്രക്കിനുള്ളിലിരുന്ന് രാഹുൽ ​ഗാന്ധി അനുയായികളെ നോക്കി കൈവീശുന്നതും കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗഢി ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ കാണാം. ട്രക്ക് ഡ്രൈവർമാരുടെ പ്രശ്‌നങ്ങൾ അറിയാൻ അവരെ സമീപിക്കുക, തുടർന്ന് ട്രക്കിൽ കയറി യാത്ര ചെയ്ത് അവരോട് സംസാരിക്കുക, രാഹുൽ ഗാന്ധിക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. രാഹുൽ ജി നിങ്ങൾ അത്ഭുതകരമായ പ്രവൃത്തിയാണ് ചെയ്യുന്നത്- ഇമ്രാൻ പ്രതാപ്​ഗഢി ട്വീറ്റിൽ പറയുന്നു.

ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും മറ്റും അറിയാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. അതേസമയം, ട്രക്ക് യാത്രയ്ക്ക് ശേഷം ​രാഹുൽ ഒരു ​ഗുരുദ്വാരയിൽ നിൽക്കുന്ന വീഡിയോയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here