‘എല്ലാം നശിച്ചുപോകും, അത്യുദാരനായ രക്ഷിതാവ് മാത്രം അവശേഷിക്കും’; പാർലമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ഖുർആൻ പാരായണവും

0
680

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനബന്ധിച്ച് നടന്ന സർവമത പ്രാർത്ഥനയിൽ (സർവ ധർമ്മ പ്രാർഥന) ഖുർആൻ പാരായണവും. ഖുർആനിലെ 55-ാം അധ്യായമായ സൂറത്തുർ റഹ്‌മാനിലെ ആദ്യ 27 ആയത്തുകളാണ് ചടങ്ങിൽ പാരായണം ചെയ്യപ്പെട്ടത്.

പാരായണം ചെയ്യപ്പെട്ട ഖുർആൻ സൂക്തകങ്ങളുടെ സാരാംശം ഇപ്രകാരം;

‘കരുണാമയനായ അല്ലാഹു ഈ ഖുർആൻ അഭ്യസിപ്പിച്ചിരിക്കുന്നു. അവൻ മനുഷ്യനെ സൃഷ്ടിക്കുകയും സംസാരം പഠിപ്പിക്കുകയും ചെയ്തു. സൂര്യ-ചന്ദ്ര സഞ്ചാരം നിശ്ചിത നിയതത്വ പ്രകാരമാണ്; വൃക്ഷ, താരകങ്ങൾ അല്ലാഹുവിനു സാഷ്ടാംഗമർപ്പിക്കുന്നുണ്ട്. വാനലോകങ്ങളെ അവൻ ഉയർത്തുകയും തൂക്കത്തിൽ നിങ്ങൾ ക്രമക്കേട് കാട്ടാതിരിക്കാൻ നീതിയുടെ തുലാസ് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ നീതിയോടെ തൂക്കം ശരിപ്പെടുത്തുകയും തുലാസിൽ കുറവുവരുത്താതിരിക്കുകയും വേണം.

ഭൂമിയെ അല്ലാഹു മനുഷ്യർക്ക് വേണ്ടിയുണ്ടാക്കി. അതിൽ പഴങ്ങളും കൂമ്പാളകളുള്ള ഈന്തവൃക്ഷങ്ങളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്. അപ്പോൾ നിങ്ങൾ ഇരു കൂട്ടരുടെയും -ജിന്ന്, മനുഷ്യൻ- നാഥന്റെ ഔദാര്യങ്ങളിൽ നിന്ന് ഏതാണ് നിങ്ങൾ വ്യാജമാക്കുക? കലം പോലെ, മുട്ടിയാൽ മുഴങ്ങുന്ന ഉണക്കക്കളിമണ്ണിൽ നിന്ന് മനുഷ്യനെയും പുകയില്ലാത്ത തീജ്വാലയിൽ നിന്ന് ജിന്നിനെയും അല്ലാഹു പടച്ചു; അപ്പോൾ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഔദാര്യത്തിൽ നിന്ന് ഏതാണ് നിങ്ങൾ വ്യാജമാക്കുക?

രണ്ട് വീതം ഉദയസ്ഥാനങ്ങളുടെയും അസ്തമനസ്ഥാനങ്ങളുടെയും രക്ഷിതാവാണവൻ. അപ്പോൾ നിങ്ങളിരുവരുടെയും നാഥന്റെ ഏതനുഗ്രഹമാണ് നിങ്ങൾ വ്യാജമാക്കുക? ഇരുജലാശയങ്ങൾ അന്യോന്യം സംഗമിക്കുംവിധം അവൻ അയച്ചുവിട്ടു- അവ രണ്ടിനും മധ്യേ അതിക്രമിച്ചുകടക്കാത്ത ഒരു പ്രതിരോധമുണ്ട്. അപ്പോൾ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങൾ നിഷേധിക്കുക?

ആ രണ്ട് ജലാശയങ്ങളിൽ നിന്ന് മുത്തും പവിഴവും പുറത്തുവരും. അപ്പോൾ നിങ്ങളിരുവരുടെയും രക്ഷിതാവിന്റെ ഏതനുഗ്രഹമാണ് നിങ്ങൾ വ്യാജമാക്കുക? പർവതതുല്യം സമുദ്രോപരിതലത്തിലോടുന്ന ജലയാനങ്ങൾ അവന്റെ നിയന്ത്രണത്തിലാണ്. അപ്പോൾ നിങ്ങളിരുകൂട്ടരുടെയും നാഥന്റെ ഏത് ഔദാര്യമാണ് നിങ്ങൾ നിഷേധിക്കുക?

ഭൂതലത്തിലുള്ള സർവരും നശിച്ചു പോകുന്നതും താങ്കളുടെ മഹോന്നതനും അത്യുദാരനുമായ രക്ഷിതാവ് മാത്രം അവശേഷിക്കുന്നതുമാണ്. അപ്പോൾ നിങ്ങളിരുവിഭാഗത്തിന്റെയും നാഥന്റെ അനുഗ്രഹങ്ങളിൽ ഏതാണ് നിങ്ങൾ വ്യാജമാക്കുക?’

https://twitter.com/AshrafFem/status/1662677768549838848?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1662677768549838848%7Ctwgr%5Ec23f7345094770da1608e85e16801afe082d2108%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fquran-recitation-in-parliament-inauguration-ceremony-219434

ഖുർആനു പുറമേ, ബൈബിൾ അടക്കമുള്ള മറ്റു വിശുദ്ധ ഗ്രന്ഥങ്ങളും അതതു സമുദായാംഗങ്ങൾ പാരായണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, വിവിധ മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അതേസമയം, സമ്പൂര്‍‍‌ണ ഹൈന്ദവാചാര രീതിയിലായിരുന്നു അതിനു ശേഷമുള്ള പരിപാടികള്‍.

സർവ മത പ്രാർത്ഥനയ്ക്ക് ശേഷം പ്രാർത്ഥനയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്‌സഭാ സ്പീക്കർ ഓം ബിർളയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക മുമ്പിൽ പുഷ്പാർച്ചന നടത്തി. ഇതിന് പിന്നാലെയായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. പ്രത്യേകം സജ്ജമാക്കിയ ഹോമമണ്ഡപത്തിലെത്തിയ മോദി മന്ത്രോച്ചാരണത്തിന്റെ അകമ്പടിയോടെ തീകുണ്ഠത്തിലേക്ക് എണ്ണ പകർന്നു. ഗണപതി ഹോമത്തിന് ശേഷം വിവാദമായ ചെങ്കോലിനടുത്തേക്ക്. ചെങ്കോലിന് മുമ്പിൽ സാഷ്ടാംഗം നമസ്‌കരിച്ച മോദിക്കു മുകളിലേക്ക് സന്യാസിമാർ പുഷ്പവൃഷ്ടി നടത്തി. വിവിധ മഠങ്ങളിലെ സന്യാസിമാർ ചേർന്നാണ് ചെങ്കോൽ മോദിക്ക് കൈമാറിയത്. ഓരോ സന്യാസിമാരിൽ നിന്നും ആശീർവാദം വാങ്ങിയ ശേഷമാണ് ചെങ്കോൽ ലോക്‌സഭാ ചേംബറിൽ സ്പീക്കറുടെ കസേരയ്ക്ക് തൊട്ടടുത്ത് സ്ഥാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here