കഞ്ചാവ് കടത്ത്; എസ്ഐയും മകനും ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

0
228

ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21),  വെങ്ങോല ഒളിയ്ക്കൽ ആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെ ആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഞ്ചാവ് കൊണ്ടുവന്ന ഒഡീഷ കണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക്, ചക്ദോൽ പ്രധാൻ, ശർമാനന്ദ് പ്രധാൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിനു ശേഷം അബുദാബിയിലേക്കു കടന്ന മുഖ്യ പ്രതി നവീനെ തന്ത്രപൂർവം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചാണ് കസ്റ്റഡിയിൽ എടുത്തത്. പെരുമ്പാവൂരിൽ പൊലീസും എക്സൈസും റജിസ്റ്റർ ചെയ്ത 4 കഞ്ചാവു കേസുകളിൽ പ്രതിയാണ് നവീൻ. മകനെ സംരക്ഷിക്കുകയും വിദേശത്തേക്കു കടക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തതിനാണ് പിതാവ് സാജൻ പിടിയിലായത്.

മേയ് 30നു സാജൻ സർവീസിൽ നിന്നു വിരമിക്കും. കഞ്ചാവു കടത്തു സംഘത്തിന് ഒളിത്താവളം ഒരുക്കുകയും വാഹനങ്ങൾ നൽകുകയും ചെയ്തതിനാണ് ആൻസും ബേസിലും പിടിയിലായത്. ഇവരിൽ നിന്നു വാഹനങ്ങളും മൊബൈൽ ഫോണുകളും പണവും കണ്ടെടുത്തു.

3 അതിഥിത്തൊഴിലാളികളിൽ ഒതുങ്ങിനിന്ന കഞ്ചാവു കേസിന്റെ അന്വേഷണം റൂറൽ എസ്പി വിവേക് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഗ്രേഡ് എസ്ഐയും മകനും അടക്കമുള്ളവരുടെ അറസ്റ്റിലേക്ക് എത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here