അറബിയ്‌ക്ക് നൽകാനെന്ന പേരിൽ ജുവലറിയിൽ നിന്നും സ്വർണനാണയവുമായി മുങ്ങി; യുവാവിനെ തേടി പൊലീസ്

0
214

വിഴിഞ്ഞം: അറബിക്ക് നൽകാനെന്ന പേരിൽ വിഴിഞ്ഞത്തെ ജുവലറി ജീവനക്കാരെ കബളിപ്പിച്ച് സ്വർണ്ണനാണയങ്ങളുമായി കടന്ന യുവാവിനെ പിടികൂടാനായില്ല. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കോവളത്തെ സ്റ്റാർ ഹോട്ടൽ ലോബിയിൽ വച്ച് 42 ഗ്രാം സ്വർണ നാണയമാണ് ഇയാൾ വാങ്ങി കടന്നുകളഞ്ഞത്. കോഴിക്കോട് തിക്കൊടി വടക്കേപുര വീട്ടിൽ റാഹീൽ അഹമ്മദാണ് (29) പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വിഴിഞ്ഞത്തെ ആദം ഗോൾഡ് ജുവലറിയിൽ നിന്ന് 5 സ്വർണനാണയങ്ങളുമായെത്തിയ സെയിൽസ്മാന്മാരെ കബളിപ്പിച്ചാണ് പ്രതി നാണയവുമായി കടന്നത്.

കഴിഞ്ഞ വർഷം തൃശ്ശൂരിലെ ജുവലറിയിൽ നിന്ന് സമാനരീതിയിൽ സ്വർണനാണയങ്ങൾ തട്ടിയെടുത്ത കേസിൽ റാഹീൽ അറസ്റ്റിലായിരുന്നു. സ്വർണത്തട്ടിപ്പിന് മ്യൂസിയം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുത്ത് തങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂരിൽ വലിയ കമ്പനിയുടെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി 7 പവൻ സ്വർണനാണയങ്ങളാണ് കവർന്നത്. കോഴിക്കോട് ഹോട്ടലിൽ താമസിച്ച് 50,000 രൂപയും വാച്ചും, വൈറ്റിലയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 10 ലക്ഷം രൂപയുടെ ഐഫോണുകൾ, ജോലി വാഗ്ദാനം ചെയ്ത് അന്യ സംസ്ഥാന തൊഴിലാളിയിൽ നിന്ന് 85,000 രൂപ തട്ടിയെടുത്തത് തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.

തട്ടിയെടുത്ത പണവുമായി മുംബയ്, ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ആഡംബര ജീവിതം നയിക്കുകയാണ് റാഹീലിന്റെ പതിവ്. കഴിഞ്ഞ വർഷം തട്ടിച്ചെടുത്ത വസ്തുക്കൾ വിറ്റ 6 ലക്ഷം രൂപ രണ്ട് മാസം കൊണ്ട് ചെലവാക്കി. വില കൂടിയ വസ്ത്രങ്ങളാണ് ധരിക്കുന്നത്. നിരവധി തവണ വിമാന യാത്രകളും നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here