പൈവളിഗെ : മഞ്ചേശ്വരം കുമ്പള പോലീസ് സ്റ്റേഷൻ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വർഷങ്ങളായിട്ടും തുടർനടപടി വൈകുന്നു. 2018-ലെ ബജറ്റിലായിരുന്നു പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ നിർമിക്കുമെന്ന പ്രഖ്യാപനം. പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ ബായിക്കട്ടയിലാണ് റവന്യൂ ഉടമസ്ഥതയിലുള്ള 38 സെന്റ് സ്ഥലം പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കി രണ്ടുമാസം മുൻപ് ഭൂമി അളന്ന് തിരിച്ച് കൈമാറുകയും ചെയ്തിരുന്നു. പുതിയ കെട്ടിടം നിർമിക്കുന്നതിന് മുൻപ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങുകയാണെങ്കിൽ പ്രവർത്തിക്കുന്നതിനാവശ്യമായ കെട്ടിടവും സമീപത്തുണ്ട്. എന്നാൽ, പോലീസ് സ്റ്റേഷൻ തുടങ്ങുന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും മെല്ലെപ്പോക്ക് തുടരുകയാണ്.
ജനസംഖ്യ വർധിച്ചു; കേസുകളും
നിലവിൽ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പൈവളിഗെ ഉൾപ്പെടെയുള്ള പഞ്ചായത്തുകൾ. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പോലെ ദൂരപരിധിയുള്ള സ്റ്റേഷനുകൾ സംസ്ഥാനത്ത് വിരളമാണ്. സാധാരണ ഒന്നോ രണ്ടോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഒരു പോലീസ് സ്റ്റേഷന്റെ പരിധി. മഞ്ചേശ്വരത്ത് അഞ്ച് പഞ്ചായത്തുകളും 27 വില്ലേജുകളും നിലവിലുള്ള പോലീസ് സ്റ്റേഷന്റെ പരിധിയിലുണ്ട്. അവസാനം നടന്ന സെൻസസ് പ്രകാരം 1,51,321 ആണ് പോലീസ് സ്റ്റേഷൻ പരിധിയിലെ ജനസംഖ്യ. പത്ത് വർഷത്തിനിപ്പുറം ജനസംഖ്യയിലും രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിലും വലിയ വർധനയാണ്.
സുരക്ഷവേണം അതിർത്തിയിലും
വടക്കൻ അതിർത്തിയിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന 15 റോഡുകളുണ്ട്. ഇവയിലൊന്നും സുരക്ഷാ സംവിധാനമില്ല. അതിനാൽതന്നെ കുറ്റകൃത്യങ്ങൾ ചെയ്ത് രക്ഷപ്പെടൽ എളുപ്പമാകുന്നു. പൈവളിഗെയിലെ മിയാപ്പദവിൽ പോലീസ് വാഹനത്തിനുനേരേ ഗുണ്ടാസംഘം വെടിയുതിർത്തതുൾപ്പെടെയുള്ള സംഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായി. വാഹനത്തിന് കേടുപാട് പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് അന്ന് പോലീസുകാർ രക്ഷപ്പെട്ടത്. പൈവളിഗെ, വൊർക്കാടി തുടങ്ങിയ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലും ഉപ്പള ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പലതവണ ഗുണ്ടാസംഘങ്ങളും മറ്റും ഏറ്റുമുട്ടിയും പരസ്പരം പോർവിളിച്ചും നാടിനെ ഭീതിയിലാഴ്ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, രണ്ട് റെയിൽവേ ക്രോസുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന മഞ്ചേശ്വരം സ്റ്റേഷനിൽനിന്ന് പോലിസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും കുറ്റകൃത്യത്തിലേർപ്പെട്ടവർ അതിർത്തി കടന്നിട്ടുണ്ടാകും.
നടപടികൾ വേഗത്തിലാക്കണം
കവർച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലഹരികടത്ത് തുടങ്ങി അതിർത്തി കേന്ദ്രീകരിച്ച് നടന്ന നിരവധി കേസുകൾ മഞ്ചേശ്വരം പോലീസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും പൈവളിഗെയും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. പ്രതികളിൽ ചിലർ പിടിയിലായെങ്കിലും മറ്റുള്ളവർക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഒരുമാസം ശരാശരി നൂറിനടുത്ത് കേസുകൾ മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പുതിയ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയാൽ ഈ മേഖലയിൽ കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.