ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5 ന് അഹമ്മദാബാദില്‍ ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഫൈനല്‍ നവംബര്‍ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.
ഇന്ത്യയുടെ ഉദ്ഘാടന മത്സരം ഓസ്ട്രേലിയയ്ക്കെതിരെയായിരിക്കും. മിക്കവാറും ഇത് ചെന്നൈയിലായിരിക്കും. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനലിന് തുല്യമായ മത്സരം ഒക്ടോബര്‍ 15 ഞായറാഴ്ച നടക്കും. ബിസിസിഐ ഉടന്‍ തന്നെ ഷെഡ്യൂള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെയുള്ള താല്‍ക്കാലിക ഷെഡ്യൂള്‍ പ്രകാരം അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ അവരുടെ മത്സരങ്ങള്‍ കളിക്കും. പാകിസ്ഥാന്റെ മത്സരങ്ങള്‍ക്കായി ചെന്നൈയ്ക്കൊപ്പം സൗത്ത് സോണിലാണ് ബിസിസിഐ വേദികള്‍ നല്‍കിയിട്ടുള്ളത്.
അഹമ്മദാബാദിനും ദക്ഷിണേന്ത്യയിലെ മൂന്ന് കേന്ദ്രങ്ങള്‍ക്കും പുറമെ കൊല്‍ക്കത്ത, ഡല്‍ഹി, ഇന്‍ഡോര്‍, ധര്‍മ്മശാല, ഗുവാഹത്തി, രാജ്കോട്ട്, റായ്പൂര്‍, മുംബൈ എന്നിവ നിയുക്ത വേദികളാണ്. മൊഹാലിയും നാഗ്പൂരും പട്ടികയില്‍ നിന്ന് പുറത്തായി.
മുംബൈയിലെ വാങ്കഡെ സെമിഫൈനല്‍ മത്സരത്തിന് വേദിയാകാനാണ് സാധ്യത. കേരളത്തില്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു മത്സരം നടക്കുമെന്ന് റിപ്പോട്ടുകളുണ്ടായിരുന്നെങ്കിലും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിന് സാധ്യതയില്ല.