ബെംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയ കോൺഗ്രസിന്റെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ കേരളത്തിൽ നിന്ന് ക്ഷണം മൂന്ന് പേർക്ക്. കോൺഗ്രസ് ഇതര പാർട്ടികളിൽ നിന്നാണ് രണ്ട് പേരെ ക്ഷണിച്ചത്. എൽഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി തങ്ങൾ, ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രൻ എന്നിവരെയാണ് ക്ഷണിച്ചത്.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി 20 പേരെയാണ് ക്ഷണിച്ചത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി എ രാജ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ, ജെഡിയു നേതാക്കളായ നിതീഷ് കുമാർ, എംപി ലല്ലൻ സിങ്, ടിഎംസി നേതാവ് മമതാ ബാനർജി, ജെഎംഎം നേതാവ് ഹേമന്ത് സോറൻ, ആർജെഡി നേതാവ് തേജസ്വി യാദവ്, എൻസിപി നേതാന് ശരദ് പവാർ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ഉദ്ധവ് താക്കറെ, എസ്പി നേതാവ് അഖിലേഷ് യാദവ്, എൻസി നേതാവ് ഫറൂഖ് അബ്ദുല്ല, പിഡിപി നേതാന് മെഹബൂബ മുഫ്തി, എംഡിഎംകെ നേതാവ് വൈകോ, സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വിസികെ നേതാവ് തോൽ തിരുമാവളൻ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി എന്നിവരെയാണ് ക്ഷണിച്ചത്.
നേരത്തെ മുഖ്യമന്ത്രിമാരിൽ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ എന്നിവർക്ക് ക്ഷണമുണ്ടായിരുന്നില്ല.