ഇന്‍ഡോ-റഷ്യന്‍ ഓയില്‍ കമ്പനിയായ നയാര എനര്‍ജി രാജ്യത്ത് പെട്രോളും ഡീസലും വിലകുറച്ച് രാജ്യതത്തെ ജനങ്ങള്‍ക്ക് വിതരണം ചെയ്യും. പൊതുമേഖല എണ്ണ വിതരണ കമ്പനികളേക്കാള്‍ ഒരു രൂപ കുറച്ചായിരിക്കും നാളെ മുതല്‍ ഇവര്‍ ഇന്ധനം വില്‍ക്കുക. റിലയന്‍സ് അടുത്തിടെ എണ്ണ വിലയില്‍ നേരിയ കുറവ് വരുത്തിയതിനുപിന്നാലെയാണ് നയാരയും പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞതിന്റെ അനുകൂല്യം പൊതുജനത്തിനും നല്‍കുന്നതിനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ മാസം തീരുന്നതുവരെ ഈ ആനുകൂല്യം ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ധനത്തിന്റെ ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും കമ്പനി അറിയിച്ചു. അതേസമയം, പൊതുമേഖല എണ്ണ വിതരണ കമ്പനികളായ ഐ.ഒ.സിയുടെയും ബി.പി.സി.എല്ലിന്റെയും എച്ച്.പി.സി.എല്ലിന്റെയും പമ്പുകളില്‍ നിലവിലെ വില തുടരും. രാജ്യത്ത് ആകെ 86,925 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ഇതില്‍ ഏഴ് ശതമാനത്തിലധികം പമ്പുകള്‍ നയാരയുടെ ഉടമസ്ഥതയിലുള്ളതാണ്. മേയ് ആദ്യവാരം ജിയോ-ബി.പി ഇന്ധനത്തിന്റെ വില കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയാരയും തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികള്‍ രാജ്യാന്തര നിരക്കുകള്‍ കുറഞ്ഞിട്ടും വിലകുറയ്ക്കാന്‍ തയാറായിട്ടില്ല.