മാങ്ങ പുളിച്ചോ?; നവീനുൽ ഹഖിനെ അഫ്ഗാൻ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി

0
227

ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അഫ്ഗാൻ പേസർ നവീനുൽ ഹഖിനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കി. ശ്രീലങ്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നാണ് നവീനെ മാറ്റിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂൺ 2നാണ് ആരംഭിക്കുക.

ലക്നൗവും ബാംഗ്ലൂരും തമ്മിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ വിരാട് കോലിയുമായി നവീനുൽ ഹഖ് നടത്തിയ വാക്കേറ്റം ഏറെ ചർച്ചയായിരുന്നു. മത്സരത്തിനു ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കോലിയും നവീനും വീണ്ടും പരോക്ഷമായി ഏറ്റുമുട്ടി. ലക്നൗ പരാജയപ്പെട്ട മത്സരങ്ങളിൽ കോലിയും ആർസിബി പരാജയപ്പെട്ട കളികളിൽ മാങ്ങ കഴിക്കുന്ന ഫോട്ടോ പങ്കുവച്ച് നവീനും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പരസ്പരം ‘ചൊറിഞ്ഞു’. ഇതിനു പിന്നാലെയാണ് നവീനെ ഇപ്പോൾ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്.

ലക്നൗവിൻ്റെ ഇന്നിംസ്ഗിൽ, 9ആം വിക്കറ്റിൽ നവീൻ ബാറ്റ് ചെയ്യുന്നതിനിടെ സിറാജിനോട് ബൗൺസർ എറിയാൻ കോലി ആവശ്യപ്പെട്ടു എന്നാണ് വിവരം. അത് കേട്ട് നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഈ സമയത്ത് ‘നീ എന്റെ ഷൂസിൽ പറ്റിയിരിക്കുന്ന മണ്ണിനു സമമാണെ’ന്ന് കോലി പറഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. നവീൻ തിരിച്ചെന്തോ പറഞ്ഞു. അമിത് മിശ്രയും അമ്പയർമാരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റി.

കളിക്ക് ശേഷം ഹസ്തദാനത്തിനിടെയും നവീൻ കോലിയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രാഹുൽ വിളിച്ചിട്ടും കോലിയോട് സംസാരിക്കാൻ കൂട്ടാക്കാതെ നവീൻ തിരികെനടക്കുന്നതും വിഡിയോയിൽ കാണാമായിരുന്നു. ഈ സംഭവത്തിനു പിന്നാലെ നവീനെതിരെ സൈബർ ആക്രമണം ശക്തമായി. വാക്കുതർക്കത്തിൽ ലക്നൗ ഉപദേശകൻ ഗൗതം ഗംഭീറും ഇടപെട്ടിരുന്നു.

15 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. റിസർവ് താരങ്ങളായി നാല് പേരുണ്ട്. ഹഷ്‌മതുള്ള സസായ് ടീമിനെ നയിക്കും. യുവ ഓൾറൗണ്ടർ അബ്ദുൽ റഹ്‌മാൻ ടീമിലേക്ക് തിരികെയെത്തി. ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളാണ് അബ്ദുൽ റഹ്‌മാന് തുണയായത്. ഷഹീദുള്ള കമൽ, യാമിൻ അഹ്‌മദ്സായ്, സിയാ ഉർ റഹ്‌മാൻ അക്ബർ, ഗുൽബദിൻ നയ്ബ് എന്നിവർ റിസർ നിരയിലുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here