പെരിന്തൽമണ്ണയിലെ അനാഥരായ കുട്ടികളുടെ രക്ഷിതാവായി ഇനി ഞാനുണ്ടാകും: നജീബ് കാന്തപുരം

0
171

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ അനാഥരായ കുട്ടികളുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. മണ്ണാർമലയിൽ മരണപ്പെട്ട യുവാവിന്റെ മൂന്ന് മക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴാണ് ഇങ്ങനെയൊരു ആശയം മനസ്സിലേക്ക് വന്നതെന്ന് എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മണ്ഡലത്തിലെ ഏത് കുടുംബത്തിനും എം.എൽ.എയുടെ ക്രിയ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. ഓരോ കുട്ടിയുടെയും ചുമതല വാർഡ് മെമ്പർമാർക്ക് നൽകുമെന്നും അവരുടെ പഠനച്ചെലവ് പൂർണമായും ഏറ്റെടുക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണരൂപം:

വീട്‌ ഇരുട്ടായി പോയവരുടെ കൂടെ…കഴിഞ്ഞ ദിവസം എന്റെ നിയോജകമണ്ഡലത്തിലെ മണ്ണാർ മലയിൽ മരണപ്പെട്ട യുവാവിന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോന്നതിനു ശേഷം മനസിൽ നിന്ന് ഒരു നീറ്റൽ മാറുന്നേയില്ല. വഴിയോരക്കച്ചവടക്കാരനായിരുന്ന ആ നാൽപത്തി രണ്ടു കാരന്റെ മൂന്ന് മക്കളുടെ മുഖമാണ്‌ മനസു നിറയെ. ഞാൻ അവിടെയെത്തിയപ്പോൾ ആ മൂന്ന് കുഞ്ഞു മക്കൾ എന്നെ പറ്റി ചേർന്ന് നിന്നു. അവർക്ക്‌ അവരുടെ ഉപ്പയെ പറ്റി എന്തൊക്കെയോ പറയണമെന്ന് തോന്നി. എന്റെ കണ്ണു നിറയാതിരിക്കാൻ ഞാൻ ആവുന്നതും നോക്കി.

എന്റെ ഉപ്പ ഞങ്ങളെ പിരിയുമ്പോൾ ഇതുപോലെ മൂന്ന് സഹോദരങ്ങളായിരുന്നു എന്റെ ചുറ്റും. ഒരാൾ നമ്മുടെ ജീവിതത്തിൽ നിന്ന് പൊടുന്നനെ മാറുമ്പോൾ ആ വീട്‌ എങ്ങനെയാണ്‌ ഇരുട്ടിലാവുകയെന്ന് എനിക്ക്‌ അനുഭവം കൊണ്ട്‌ തന്നെ അറിയാം. ഞാൻ അവിടെയുള്ള ബന്ധുക്കളോട്‌ പറഞ്ഞു. ഈ കുട്ടികളെ ഞങ്ങൾ പഠിപ്പിച്ചോളാം. അവരുടെ ഭാവിയിലെ എല്ലാ പഠനവും ഞങ്ങൾ ഏറ്റെടുക്കാം. ഞങ്ങൾ കാറിൽ കയറി തിരിച്ചു വരുമ്പോൾ ഞാൻ ചോദിച്ചു. ഇത്‌ പോലെ തന്നെ ഒരുപാട്‌ കുട്ടികൾ നമ്മുടെ മണ്ഡലത്തിലുണ്ടാവുമോ ?അവർ പറഞ്ഞു. ഉണ്ടാവും. അപ്പോൾ അവരെ കൂടെ നമ്മൾ ഏറ്റെടുത്താലോ ? ഉറപ്പായും… അതെ, ഉറപ്പായുമുണ്ടാകും. വീട്‌ പുലർത്തിയിരുന്ന ആൾ പൊടുന്നനെ മരണപ്പെട്ട്‌ പോയ കുടുംബങ്ങൾ. ഞങ്ങൾ അവരെ ഏറ്റെടുക്കുകയാണ്‌. മണ്ഡലത്തിലെ ഏത്‌ കുടുംബത്തിനും അപേക്ഷ നൽകാം. ആ കുടുംബത്തിന്റെ പഠന കാര്യങ്ങൾ നോക്കാൻ അവരുടെ വാർഡ്‌ മെംബറെ തന്നെ ചുമതലപ്പെടുത്തുകയുമാവാം. ക്രിയ ഇനി അനാഥരായ കുട്ടികളുടെ രക്ഷിതാവായുണ്ടാകും. ഇൻഷാ അല്ലാഹ്‌ !!

 

LEAVE A REPLY

Please enter your comment!
Please enter your name here