ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴയീടാക്കില്ല

0
215

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള യാത്രയില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു.

കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താല്‍ എ.ഐ ക്യാമറ പിടികൂടുമെന്ന ആശങ്കക്ക് പരിഹാരമാവുകയാണ്. തല്‍കാലം പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള ആദ്യ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം. അതല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുള്‍പ്പെടെ രണ്ട് കുട്ടികളെ കൊണ്ടുപോകാം. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശപ്രകാരം ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്താണ് കേന്ദ്ര ഗതാഗതമന്ത്രാലയം സെക്രട്ടറിക്ക് കത്തയച്ചത്.

രാജ്യവ്യാപകമായി നിയമനത്തിലെ ഭേദഗതിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ അനുകൂല തീരുമാനമുണ്ടായേക്കില്ല. പക്ഷെ എതിര്‍ത്തോ അനുകൂലിച്ചോ തീരുമാനം വരും വരെ സംസ്ഥാനം പിഴയീടാക്കില്ല. എ.ഐ ക്യാമറകളില്‍ നിയമലംഘനം പിടിക്കപ്പെട്ടാലും ഇത്തരക്കാര്‍ക്ക് നോട്ടീസ് അയക്കേണ്ടെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കും. ക്യാമറ ഇടപാട് തന്നെ അഴിമതി ആരോപണം ഉള്‍പ്പെടെ വലിയ വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രക്ക് പിഴ കൂടി ഈടാക്കിയാല്‍ ജനരോഷമുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here