ട്രോളണ്ട, സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെക്കുറിച്ചും പ്രവചിച്ചിരുന്നു; മുരളി തുമ്മാരുകുടി

0
171

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായത്. വ്യവസായ മന്ത്രി പി.രാജീവിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലാണ് തീ പിടിച്ചത്. സെക്രട്ടറിയേറ്റിലെ അഗ്നിബാധയെക്കുറിച്ച് ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2019ല്‍ പ്രവചിച്ചിരുന്നു. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ധര്‍ തലയില്‍ കൈ വച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കുമെന്ന് മുരളിയുടെ കുറിപ്പില്‍ പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

സെക്രട്ടറിയേറ്റിലെ അഗ്നിബാധ സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ എന്ന് ട്രോൾ. ട്രോളണ്ട പ്രവചിച്ചിരുന്നു. നാലു വർഷം മുൻപ് അതിന് ശേഷം ഇതിപ്പോൾ രണ്ടാമതാണ്. അവസാനത്തേതല്ല, “ഇക്കണ്ടതൊന്നും തീയല്ല മന്നവാ” എന്നു നമ്മളെക്കൊണ്ടു പറയിക്കുന്ന അഗ്നിബാധക്കുള്ള എല്ലാ സാഹചര്യവും അവിടെ ഉണ്ട്.

ഇതാണ് 2019 ൽ പറഞ്ഞത്…

“നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ധര്‍ തലയില്‍ കൈ വച്ച് ഉടന്‍ സ്ഥലം കാലിയാക്കാന്‍ നോക്കും. മരത്തിന്റെ ഫ്ളോര്‍, പ്ലൈവുഡിന്‍റെ പാനല്‍, എവിടെയും കെട്ടുകെട്ടായി ഫയലുകള്‍, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകള്‍, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളില്‍ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദര്‍ശകര്‍ക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോള്‍ ഞാന്‍ ഈ കാര്യം ഓര്‍ക്കാറുണ്ട്.

എന്നെങ്കിലും ഇവിടെ ഒരു ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയര്‍ ഡ്രില്‍ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് ‘തീ പിടിക്കുന്നത്’. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോര്‍ത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ! ‘

രാവിലെ എട്ട് മണിയോടെയാണ് സെക്രട്ടറിയറ്റിനുള്ളിലെ സാന്‍ഡ്‌വിച്ച് ബ്ലോക്കിന് സമീപം തീപിടിച്ചത്. ഫയര്‍ഫോഴ്സിന്‍റെ രണ്ട് യൂണിറ്റ് എത്തി പത്ത് മിനിട്ടിനകം തീയണച്ചു. മന്ത്രി പി. രാജീവിന്‍റെ അീഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിനുള്ളിലായിരുന്നു തീപിടിത്തം. എ.സിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഓഫീസിനുള്ളിലെ കാര്‍ട്ടനും സീലിങ്ങും മാത്രമാണ് കത്തിനശിച്ചത്. ഫയലുകള്‍ ഒന്നും കത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പി.രാജീവിന് പുറമേ വനം മന്ത്രി എ.കെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി ജോയ് തുടങ്ങിയവരുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. സെക്രട്ടറിയേറ്റിന് മുന്നില്‍ കൂടുതല്‍ പൊലീസുകാരെയും വിന്യസിച്ചു. ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കന്‍റോണ്‍മെന്‍റ് ഗേറ്റ് വഴി മാത്രമാണ് ഉള്ളിലേക്ക് കടത്തിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here