പുരുഷന് ഒരു നിമിഷത്തെ ‘സുഖം’, സ്ത്രീകൾക്ക് ജീവിതം മുഴുവൻ ഭയം; സമൂഹം അറിയട്ടെ, മാറ്റം വരും: മുരളി തുമ്മാരുകുടി

0
336

സ്ത്രീകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്ന പുരുഷൻമാർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുരളി തുമ്മാരുകുടി രംഗത്ത്. ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ടെന്നും ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ ‘സുഖം’ ആയിരിക്കും കിട്ടുന്നതെന്നും ഇതിന് ഇരയാവുന്ന സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്ന ഭയം ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ലൈംഗികതയോട് തന്നെ വെറുപ്പ് പോലും സ്ത്രീകൾക്ക് ഉണ്ടാക്കും. ഇത്തരക്കാരെ പറ്റി പൊലീസിൽ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയിൽ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകൾക്ക് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.

സ്ത്രീകൾ പിന്നു വച്ച് കുത്തുന്നതോ കുട കൊണ്ട് അടിക്കുന്നതോ ആയിരുന്നു അവർക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷയെന്നും തുമ്മാരുകുടി വിവരിച്ചു. എന്നാൽ അടുത്തടുത്ത ദിവസങ്ങളിൽ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകളും മൊബൈൽ ഫോണിന്റെ ഉപയോഗവും ഇത്തരക്കാരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് നല്ല മാറ്റമാണ്. ഇത്തരം വൃത്തികേട് സമൂഹം അറിയണം, ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കോടതിയിൽ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും ഒരാഴ്ച പത്തു പേർ ജയിലിൽ കിടന്നാൽ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകുമെന്നും അങ്ങനെ മാറ്റം വരുമെന്നും തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

നഗ്നതാ പ്രദർശനവും മൊബൈൽ ഫോണും
കേരളത്തിൽ കാലാകാലമായിട്ടുള്ള ഒരു വൃത്തികേടാണ് സ്ത്രീകളെ/കുട്ടികളെ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നത്.
കേരളത്തിൽ എവിടെയും അവർ ഉണ്ട്. വീടിന്റെ ടെറസ്സിൽ, ഗേറ്റിന് മുൻപിൽ, റോഡിൽ, കാറിൽ, ബസ്സിൽ, പ്രതീക്ഷിക്കുന്നിടത്തും പ്രതീക്ഷിക്കാത്തിടത്തും ഇവർ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.
ഈ തരം പെരുമാറ്റം നടത്തുന്നവരിൽ പ്രായത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വ്യത്യാസങ്ങൾ ഇല്ല. പതിനെട്ടു വയസ്സുകാരും എൺപത് വയസ്സുകാരും ഉണ്ട്. തൊഴിൽ ഇല്ലാത്തവരും, സർക്കാർ ജോലിക്കാരും, സ്‌കൂൾ ഡ്രോപ്പ് ഔട്ടും, പി.എച്ച്.ഡി. ക്കാരും ഉണ്ട്.
സാധാരണ ഒറ്റക്കൊറ്റയ്ക്കാണ് ഇവർ പ്രവർത്തിക്കുന്നതെങ്കിലും ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെ പുറപ്പെടാൻ നിൽക്കുന്ന ട്രെയിനിന്റെ മറുവശത്ത് നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഇവർ സംഘമായി പ്രവർത്തിക്കുന്നതായി അറിയാം. പലപ്പോഴും ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളെ ലക്ഷ്യം വെയ്‌ക്കുമെങ്കിലും ചിലരെങ്കിലും കൂട്ടമായി നടക്കുന്ന സ്ത്രീകളുടെ മുന്നിലും നഗ്നത പ്രദർശിപ്പിച്ചു രക്ഷപെടുന്നു.
പണ്ടൊക്കെ ഇവർ പൊതുവെ സുരക്ഷിതരായിരുന്നു. പെൺകുട്ടികളും സ്ത്രീകളും (ആൺകുട്ടികളും) ഒട്ടും പ്രതീക്ഷിക്കാത്തപ്പോൾ അവരുടെ നേർക്ക് നഗ്നത പ്രദർശിപ്പിക്കുക, പറ്റിയാൽ അശ്ലീലം പറയുക, അവരുടെ ഷോക്ക് കണ്ടു രസിക്കുക, പിന്നെ സ്ഥലം വിടുക. ഇതായിരുന്നു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസിജിയർ.
ഇത്തരക്കാരെ പറ്റി പോലീസിൽ പറഞ്ഞിട്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. കോടതിയിൽ തെളിയിക്കാൻ എന്ത് തെളിവാണ് ഇരകൾക്ക് ഉണ്ടാവുക?. സ്ത്രീകൾ പിന്നു വച്ച് കുത്തുന്നതോ കുട കൊണ്ട് അടിക്കുന്നതോ ആയിരുന്നു അവർക്ക് കിട്ടിയിരുന്ന പരമാവധി ശിക്ഷ.
ഈ പരിപാടിക്ക് വളരെ വലിയ പ്രത്യാഘാതം ഉണ്ട്. ഇത് ചെയ്യുന്ന പുരുഷന് ഒരു നിമിഷത്തെ “സുഖം” ആയിരിക്കും കിട്ടുന്നത്. ഇതിന് ഇരയാവുന്ന സ്ത്രീകൾക്ക് അപ്പോൾ ഉണ്ടാകുന്ന മനം പിരട്ടൽ മുതൽ ഒരാഴ്ചത്തേക്കെങ്കിലും അത് അറപ്പുളവാക്കുന്നു. ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഭയം, ലൈംഗികതയോട് തന്നെ വെറുപ്പ് പോലും ഉണ്ടാക്കുന്നു. ഇവരെ പേടിച്ച് യാത്ര ചെയ്യുന്ന സ്ഥലവും സമയവും രീതിയും മാറ്റേണ്ടി വരുന്നു. പലർക്കും പഠിക്കാൻ പോകുന്നതിനും തൊഴിൽ എടുക്കുന്നതിനും ഇത് തടസ്സമാകുന്നു.
ഇതൊന്നും ഒരു പരിഷ്കൃത സമൂഹത്തിലും പാടില്ലാത്തതാണ്. എന്നാൽ 2023 ലും ഇത് കേരളത്തിൽ സ്ഥിരമായി നടക്കുന്നു. കേരളം വിട്ട് പുറത്തു പോകുന്ന സ്ത്രീകൾ കേരളത്തിലേക്ക് തിരിച്ചു വരാൻ മടിക്കുന്നതും അവരുടെ പെൺകുട്ടികളെ നാട്ടിൽ വളരാൻ അനുവദിക്കാത്തതും ഇതുകൊണ്ട് കൂടിയാണ് (ശരീരത്തിൽ സ്പർശിക്കുന്നതും, കയറിപ്പിടിക്കുന്നതും അശ്ലീലം പറയുന്നതും കാരണങ്ങളാണ്).
ഇതൊക്കെ പലപ്പോഴും ഞാൻ എഴുതിയിട്ടുള്ളതാണ്. ഇത്തരക്കാർ പൊതുവെ സ്ത്രീകളെയും പെൺകുട്ടികളേയും ആണ് ലക്ഷ്യം വെച്ചിരുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ വലിയൊരു വിഭാഗം ആണുങ്ങൾക്കും ഈ പ്രശ്നത്തിന്റെ വ്യാപ്തി അറിയില്ല. “വല്ലപ്പോഴും ഒക്കെ സംഭവിക്കുന്ന ഒന്ന്” എന്നാണ് അവരുടെ ചിന്ത. സ്ത്രീകൾക്ക് ഇതൊരു സ്ഥിരം അനുഭവവും തലവേദനയും ആണ്. അവർ പക്ഷെ ഏറ്റവും വിശ്വാസമുള്ളവരോടല്ലാതെ അതേ പറ്റി സംസാരിക്കാറില്ല. വീട്ടിലുള്ളവരോട് (അച്ഛൻ/സഹോദരന്മാർ/പങ്കാളി) ഇവരോട് ഇക്കാര്യത്തെ പറ്റി പറഞ്ഞാൽ അവർക്ക് ഇപ്പോഴുള്ള സഞ്ചാര സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടും. കാര്യത്തിൽ പ്രായോഗികമായി ഒരു മാറ്റവും ഉണ്ടാവുകയുമില്ല എന്നാണ് അവർ കാണുന്നത്.
ഈ സാഹചര്യത്തിൽ ചെറിയൊരു മാറ്റം വരുന്നതിൽ സന്തോഷമുണ്ട്.
അടുത്തടുത്ത ദിവസങ്ങളിൽ ധൈര്യമായി പ്രതികരിക്കുന്ന സ്ത്രീകളും മൊബൈൽ ഫോണിന്റെ ഉപയോഗവും കാരണം ഇത് സമൂഹത്തിന്റെ മുന്നിൽ വരികയാണ്.
ഇത് സമൂഹം അറിയണം, ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതൊന്നും കോടതിയിൽ എത്തി ശിക്ഷിക്കപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും ഒരാഴ്ച പത്തു പേർ ജയിലിൽ കിടന്നാൽ തന്നെ ഇവരുടെ ശല്യം പത്തിലൊന്നാകും.
വിമാനത്തിൽ അടുത്തിരുന്ന സ്ത്രീയുടെ മേൽ മൂത്രം ഒഴിച്ച ആളെ വിമാനയാത്രയിൽ നിന്നും വിലക്കിയതു പോലെ, ബസിൽ കയറി ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവരെ പൊതുഗതാഗതത്തിൽ നിന്നും ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടാകണം.
ഇത്തരത്തിലുള്ള വൃത്തികേടുകൾ കാണിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാക്കി അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. വാസ്തവത്തിൽ ഇവന്റെ ഒക്കെ മുഖം മറച്ചു വെക്കേണ്ട ഒരു കാര്യവും ഇല്ല. നാട്ടുകാർ ഒക്കെ അറിയട്ടെ !
ഇതൊന്നും എല്ലാക്കാലവും സഹിക്കേണ്ട ഒന്നല്ല
മാറ്റം വരണം
മാറ്റം വരും

LEAVE A REPLY

Please enter your comment!
Please enter your name here