‘കേരളത്തിൽ അധികം വൈകാതെ ഹൗസ് ബോട്ട് ദുരന്തമുണ്ടാകും…’; മുരളി തുമ്മാരുകുടി ഒരുമാസം മുമ്പേ മുന്നറിയിപ്പ് നൽകി

0
344

ഐക്യരാഷ്ട്രസഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് മലയാളിയായ മുരളി തുമ്മാരുകുടി. 2018ലെ പ്രളയമടക്കം നിരവധി ദുരന്തങ്ങളിൽ വിദഗ്ധോപദേശം നൽകി ശ്രദ്ധേയനായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. കേരളത്തിൽ അധികം വൈകാതെ പത്തിലേറെപ്പേർ കൊല്ലപ്പെടുന്ന ബോട്ടപകടമുണ്ടാകുമെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്.

ഹൗസ് ബോട്ട് രംഗത്തെ സുരക്ഷാപ്പിഴവ്, ആധുനികവത്കരിക്കുന്നതിലെ കാലതാമസം തുടങ്ങി നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കുറിപ്പെഴുതിയത്. കുറിപ്പെഴുതി കൃത്യം ഒരുമാസം കഴിയുമ്പോൾ അപകടമുണ്ടായിരിക്കുകയാണ്. അദ്ദേഹം സൂചിപ്പിച്ചതുപോലെ മിക്ക സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചാണ് താനൂരിലെ ബോട്ട് സർവീസ് നടത്തിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മലപ്പുറം താനൂരിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 21 പേരാണ് മരിച്ചത്. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ബോട്ടുകളിലെ ഡ്രൈവർമാർക്ക് സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. യാത്രക്ക് മുമ്പുള്ള സുരക്ഷാ ബ്രീഫിങ് ഇല്ലായ്മ, സുരക്ഷിതമല്ലാത്ത രീതിയിൽ പാചകം തുടങ്ങി നിരവധി കാരണങ്ങളാണ് അദ്ദേഹം നിരത്തുന്നത്. ഈ രംഗത്ത് പ്രൊഫഷണലിസം നടപ്പാക്കണമെന്നും അദ്ദേഹം പറയുന്നു.

കായലിന്റെ നടുക്ക് മുങ്ങാൻ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഒറ്റക്കൊറ്റക്കായി ആളുകൾ മരിക്കുന്നുമുണ്ട്.

ഇത്തരം ചെറിയ ചെറിയ അപകടങ്ങളും അപകട സാഹചര്യങ്ങളും ശ്രദ്ധിച്ചാണ് വലുതെന്തോ വരാനുണ്ടെന്ന് ഞങ്ങൾ പ്രവചിക്കുന്നത്.

പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നുമില്ല.

എന്നാൽ അതുണ്ടാകും.

ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും.

പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും.

ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും.

മാധ്യമങ്ങളിൽ “ഡ്രൈവർ മദ്യപിച്ചിരുന്നത്രേ” വരും.

ഹൌസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും.

ബോട്ട് സുരക്ഷയെപ്പറ്റി “ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല” എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും.

കളക്ടറോ മന്ത്രിയോ ഹൌസ് ബോട്ടുകൾ ഉടൻ “നിരോധിക്കും.”

കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും.

അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൌസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും.

അതൊക്കെ വേണോ?

ഇപ്പോൾ ടൂറിസം ബോട്ട് ഉടമകളും സർക്കാർ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേ?

മുരളി തുമ്മാരുകുടി

(കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കുറ്റപ്പെടുത്തി എഴുതിയ ലേഖനത്തിന് രണ്ടുലക്ഷത്തിന് മുകളിൽ റീച്ച് കിട്ടിയപ്പോൾ ജലസുരക്ഷയെപ്പറ്റിയുള്ള പോസ്റ്റിന് ഇരുപതിനായിരം എത്തിയില്ല. ഒരപകടം കഴിഞ്ഞായിരുന്നെങ്കിൽ പോസ്റ്റ് പറന്നേനേ. അതുപോലെ താന്നെ ഈ പോസ്റ്റിന് എന്തെങ്കിലും റീച്ച് കിട്ടുമോ എന്നറിയില്ല, എന്നാലും പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞേക്കാം. പതിവ് പോലെ അപകടം ഉണ്ടായിക്കഴിഞ്ഞാൽ ടി.വി. ചർച്ചക്ക് വിളിക്കരുത്, പ്ലീസ്…)

LEAVE A REPLY

Please enter your comment!
Please enter your name here