‘വിരമിക്കാൻ ഏറ്റവും മികച്ച സമയം; പക്ഷെ..’; നിര്‍ണായക പ്രഖ്യാപനം നടത്തി ധോണി

0
261

അഹ്മദാബാദ്: ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ചാം ഐ.പി.എൽ കിരീടം സമ്മാനിച്ച ശേഷം വിരമിക്കൽ തീരുമാനത്തെക്കുറിച്ച് പ്രതികരിച്ച് നായകൻ മഹേന്ദ്ര സിങ് ധോണി. വിരമിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ധോണി പറഞ്ഞു. എന്നാൽ, ആരാധകർ തനിക്കു നൽകുന്ന അളവറ്റ സ്‌നേഹത്തിന് എന്തെങ്കിലും പകരം നൽകണം. അവർക്കുള്ള സമ്മാനമായി ഒരു സീസൺ കൂടി കളിക്കുന്നതാകും നല്ലതെന്നും ധോണി വ്യക്തമാക്കി.

സാഹചര്യം നോക്കിയാൽ വിരമിക്കൽ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. ഇപ്പോൾ എല്ലാവർക്കും നന്ദി പറഞ്ഞ് വിരമിക്കുന്നതാണ് ഏറ്റവും എളുപ്പം. എന്നാൽ, ഇനിയും ഒൻപത് മാസം കഠിനാധ്വാനം ചെയ്ത് ഒരു സീസൺ കൂടി കളിക്കുക ദുഷ്‌കരമാണ്. ഏറെയും എന്റെ ശരീരത്തെ ആശ്രയിച്ചിരിക്കുമത്. തീരുമാനമെടുക്കാൻ ആറേഴു മാസം കൂടി കൈയിലുണ്ട്-ഫൈനലിനുശേഷം ധോണി കമന്റേറ്റർ ഹർഷ ഭോഗ്ലെയോട് പ്രതികരിച്ചു.

സി.എസ്.കെ ആരാധകരിൽനിന്ന് ലഭിക്കുന്ന ഈ അളവറ്റ സ്‌നേഹത്തിന് ഒരു സീസൺ കൂടി കളിച്ച് പകരംവീട്ടുന്നതാകും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്രയെളുപ്പമുള്ള കാര്യമല്ലെങ്കിലും എന്റെ ഭാഗത്തുനിന്നുള പാരിതോഷികമാണത്. അവർ കാണിച്ച സ്‌നേഹത്തിനും വികാരവായ്പിനുമെല്ലാം പകരം നൽകേണ്ടതുണ്ട്. എന്റെ കരിയറിന്റെ അവസാന നിമിഷങ്ങളായതിനാൽ ഞാൻ ആസ്വദിക്കുകയാണ്. ഇവിടെ തന്നെയാണ് അത് ആരംഭിച്ചത്. ചെപ്പോക്കിലും ഇതേ വികാരം തന്നെയായിരുന്നുവെന്നും ധോണി കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിൽ ധോണിയുടെ 250-ാമത്തെ മത്സരമായിരുന്നു ഇന്നലെ ഗുജറാത്തിനെതിരെ നടന്ന കലാശപ്പോരാട്ടം. 14 സീസണുകളിൽ ചെന്നൈയെ പ്ലേഓഫിലേക്ക് നയിച്ച നായകനാണ് ധോണി. ഇതിൽ 11 തവണയും ഫൈനൽ വരെ ടീമിന്റെ പോരാട്ടം നീണ്ടുവെന്നതാണ് ധോണിയുടെ വിജയം. അതിൽ അഞ്ച് കിരീടങ്ങളും.

ടോസ് ലഭിച്ച ധോണി ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു ഇന്നലെ. എന്നാൽ, ധോണിയുടെ കണക്കുകൂട്ടൽ തെറ്റിച്ച് തമിഴ്‌നാടുകാരനായ സായ് സുദർശന്റെയും ഓപണർ വൃദ്ധിമാൻ സാഹയുടെയും മികച്ച ഇന്നിങ്‌സുകളുടെ കരുത്തിൽ 214 എന്ന കൂറ്റൻ സ്‌കോറാണ് ഗുജറാത്ത് ഉയർത്തിയത്. മഴ ഇടയ്ക്ക് വില്ലനായ മത്സരത്തിൽ ഡെക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഓവർ വെട്ടിച്ചുരുക്കി ടോട്ടൽ പുതുക്കിനിശ്ചയിച്ചാണ് കളി തുടർന്നത്. 15 ഓവറിൽ 171 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈയെ അവസാന ഓവറിലെ അവസാന പന്തുവരെ നീണ്ട ത്രില്ലറിലൂടെ രവീന്ദ്ര ജഡേജ ആവേശകരമായ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here