‘ദി കേരള സ്‌റ്റോറി’ കണ്ടശേഷം യുവാവിനെതിരെ പരാതി നല്‍കി യുവതി; 23-കാരന്‍ അറസ്റ്റില്‍

0
240

ഭോപ്പാല്‍(മധ്യപ്രദേശ്): ‘ദി കേരള സ്‌റ്റോറി’ സിനിമ കണ്ടതിന് പിന്നാലെ ഒപ്പം താമസിക്കുന്ന യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കി ഇന്ദോറിലെ യുവതി. യുവാവ് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും മതം മാറാന്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നും ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. ഇതോടെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് 23-കാരനെ അറസ്റ്റുചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി തന്നെ കെണിയില്‍പ്പെടുത്തി എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മാനസികമായി പീഡിപ്പിക്കുകയും മതം മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇരുവരും ചേര്‍ന്ന് അടുത്തിടെ ‘ദി കേരള സ്റ്റോറി’ സിനിമ കണ്ടതിന് പിന്നാലെയാണ് പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചതെന്നും പോലീസിനെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സിനിമ കണ്ടതിനുശേഷം ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു. തുടര്‍ന്ന് യുവാവ് അവരെ ഉപേക്ഷിച്ചു കടന്നു. പിന്നാലെയാണ് മേയ് 19-ന് യുവതി പരാതി നല്‍കുന്നത്.

കേസില്‍ പോലീസ് അറസ്റ്റുചെയ്ത യുവാവ് തൊഴില്‍രഹിതനാണ്. എന്നാല്‍ പരാതി നല്‍കിയ യുവതി വിദ്യാസമ്പന്നയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമാണെന്ന് പോലീസ് പറഞ്ഞു. നാല് വര്‍ഷം മുന്‍പ് ഒരു കോച്ചിങ് സ്ഥാപനത്തില്‍ പഠിക്കുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here