പ്രണയവിവാഹങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടക്കുന്നത്: സുപ്രിംകോടതി

0
179

ന്യൂഡൽഹി: രാജ്യത്തെ മിക്ക വിവാഹമോചനങ്ങളും നടക്കുന്നത് പ്രണയവിവാഹങ്ങളിലാണെന്ന് സുപ്രിംകോടതി. ദമ്പതികളുടെ തർക്കത്തെതുടർന്നുള്ള സ്ഥലംമാറ്റ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഇരുവരുടെയും പ്രണയ വിവാഹമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോഴാണ് ജസ്റ്റിസുമാരായ ബിആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

മിക്ക വിവാഹമോചനങ്ങളും ഉണ്ടാകുന്നത് പ്രണയ വിവാഹങ്ങളിൽ നിന്നാണെന്നും ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. ഈ കേസിൽ കോടതി മധ്യസ്ഥശ്രമം നിർദ്ദേശിച്ചെങ്കിലും ഭർത്താവ് എതിർത്തു. എന്നാൽ അടുത്തിടെയുണ്ടായ ഒരു വിധിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നൽകാമെന്ന് കോടതി അറിയിച്ചു.

വിവാഹ ബന്ധത്തിൽ വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ടെന്ന് ബോധ്യമായാൽ വിവാഹമോചനം അനുവദിക്കാമെന്നായിരുന്നു അടുത്തിടെ സുപ്രിംകോടതി വിധിച്ചത്. 142ആം ആർട്ടിക്കിൾ പ്രകാരമാണ് വിവാഹ മോചനം അനുവദിക്കുക. സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യം ഇല്ല. എന്നാൽ ഇത് നിബന്ധനകൾക്ക് വിധേയമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സംരക്ഷണം, ജീവനാംശം,കുട്ടികളുടെ അവകാശങ്ങൾ എന്നിവ തുല്യമായി വീതിക്കണം. പരസ്പര സമ്മതോടെയുള്ള വിവാഹ മോചനത്തിന് ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 b പ്രകാരമുള്ള ആറുമാസത്തെ നിർബന്ധിത കാലയളവ് ഒഴിവാക്കണമോ എന്നാണ് ഭരണഘടനാ ബെഞ്ച് പ്രധാനമായി പരിശോധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here