കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കുമെന്ന് ആശങ്ക. ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തെക്കേ ഇന്ത്യയിലും ഒഡീഷ, ബംഗാള്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളിലും അപ്രതീക്ഷിത മഴക്ക് സാധ്യതയുണ്ട്.
ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തിന് മഴ ഭീഷണിയില്ലെങ്കിലും മോക്കയുടെ പ്രഭാവത്തില്‍ അപ്രതീക്ഷിതമായി മഴയെത്തിയാല്‍ ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകളെ അത് പ്രതീകൂലമായി ബാധിക്കും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ട നേരിയ മഴക്കുള്ള സാധ്യതയുമാണ് ഇന്ന് കൊല്‍ക്കത്തയില്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. പകല്‍ പരമാവധി താപനില 38 ഡിഗ്രിയും രാത്രി 23 ഡിഗ്രിയുമായിരിക്കും.
10 പോയന്‍റ് വീതമുള്ള ഇരു ടീമുകള്‍ക്കും ഇനിയുള്ള മൂന്ന് മത്സരവും ജയിച്ചാലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. മഴ മൂലം മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചാല്‍ ഇരു ടീമുകളും പോയന്‍റ് പങ്കിടും. ഇന്ന് പോയന്‍റ് പങ്കിടേണ്ടിവന്നാല്‍ പിന്നീട് കൊല്‍ക്കത്തക്കും രാജസ്ഥാനും ശേഷിക്കുന്ന രണ്ട് കളികളും ജയിച്ചാലും പരമാവധി 15 പോയന്‍റെ സ്വന്തമാക്കാനാവു. 12 പോയന്‍റുമായി മുംബൈക്കും 11 പോയന്‍റുള്ള ലഖ്നൗവിനും മൂന്ന് മത്സരങ്ങള്‍ വീതം ബാക്കിയുണ്ടെന്നതിനാല്‍ പോയന്‍റ് പങ്കിടുന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ചിന്തിക്കാനാവില്ല.
ഇന്നത്തെ മത്സരത്തില്‍ മാത്രമല്ല, ഐപിഎല്ലില്‍ അവസാന ഘട്ടത്തില്‍ നടക്കേണ്ട മറ്റ് ചില പോരാട്ടങ്ങളെക്കൂടി മോക്ക വെള്ളത്തിലാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹി ഒഴികെയുള്ള ഒമ്പത് ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണായകമാണ്. ഈ സീസണില്‍ ഇതുവരെ ലഖ്നൗൃ-ചെന്നൈ മത്സരം മാത്രമാണ് മഴമൂലം ഉപേക്ഷിക്കപ്പെട്ടത്.