ഒരു കിലോ മാമ്പഴത്തിന് വില രണ്ടര ലക്ഷം രൂപ! മാമ്പഴ മേളയിൽ താരമായി ‘മിയാസാകി’; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കൊപ്പാളിൽ

0
172

ബംഗളൂരു: ഒരു മാമ്പഴത്തിന്റെ വിലമാത്രം 40,000 രൂപ വില, കിലോയ്ക്ക് രണ്ടര ലക്ഷം രൂപയും. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമാണ് ഇപ്പോൾ കർണാടകയിലെ കൊപ്പാളിൽ താരം. ജപ്പാന്റെ സ്വന്തം മാമ്പഴമായ ‘മിയാസാകി’യാണ് ഈ വിലപിടിപ്പുള്ള മാമ്പഴം. ഹോർട്ടിക്കൾച്ചർ വകുപ്പ് കൊപ്പാളിലൊരുക്കിയ മാമ്പഴമേളയിലാണ് മിയാസാകിയും ഇടം പിടിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം കൊപ്പാളിലെ കർഷകർക്ക് പരിചയപ്പെടുത്താനായി പ്രദർശിപ്പിച്ചതാണെന്ന് ഹോർട്ടിക്കൾച്ചർ ഉദ്യോഗസ്ഥർ പറഞ്ഞു. മാമ്പഴത്തിന്റെ വിവരങ്ങൾ സമീപത്ത് എഴുതി പ്രദർശിപ്പിച്ചിട്ടുമുണ്ട്. മിയാസാകി കൃഷിചെയ്യുന്ന മധ്യപ്രദേശിലെ കർഷകനിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതാണ് ഇവയെല്ലാം.

കൂടാതെ, ഇതിന്റെ മാവിൻതൈ നട്ടുവളർത്താൻ കർഷകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൈക്ക് 15,000 രൂപ വിലവരും.

ആപ്പിളിന്റെ നിറത്തിലുള്ള മാമ്പഴമാണിത്. ഒരെണ്ണത്തിന് 350 ഗ്രാം തൂക്കമുണ്ട്. മാമ്പഴത്തിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മാമ്പഴത്തെ നേരിൽക്കാണാൻ ധാരാളം പേരാണ് മേളയ്ക്കെത്തുന്നത്. മേയ് 31 വരെ മേള തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here