കാറിന്റെ മുകൾഭാഗത്ത് MDMA, ത്രാസും കവറുകളും; വിൽപനയ്ക്കിടെ അറസ്റ്റിലായത് ദമ്പതിമാർ ഉൾപ്പെടെ നാലുപേർ

0
237

സുൽത്താൻബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ. വീട്ടിൽ ഫിറോസ് ഖാൻ (31), പാറപ്പുറം അരക്കിണർ മിഥുൻ നിവാസിൽ പി.കെ. യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കൻകണ്ടി ആയിഷ നിഹാല (22), കണ്ണൂർ കക്കാട് പറയിലകത്ത് പി. നദീർ (26) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് കാറിൽ എം.ഡി.എം.എ.യുമായി പോകുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കാറിന്റെ മുകൾഭാഗത്ത് ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 156 ഗ്രാം എം.ഡി.എം.എ.യാണ് ഇവരിൽനിന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. ചില്ലറവിൽപ്പനയ്ക്കായി ഉപയോഗിക്കുന്ന ത്രാസും കവറുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘം സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒന്നരമാസത്തിനിടെ മൂന്നാമത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ. കേസാണ് ബത്തേരി പോലീസ് പിടികൂടുന്നത്. ദിവസങ്ങൾക്കുമുമ്പ് അരക്കിലോയോളം എം.ഡി.എം.എ. ബത്തേരി പോലീസ് പിടികൂടിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി എസ്.ഐ. സി.എം. സാബുവും സംഘവും ചേർന്നാണ് പരിശോധന നടത്തിയത്. എ.എസ്.ഐ. കെ.ടി. മാത്യു, സി.പി.ഒ.മാരായ മുരളീധരൻ, അനിൽകുമാർ, വുമൺ സി.പി.ഒ. ഫൗസിയ, സജ്ന, ഡ്രൈവർ എസ്.സി.പി.ഒ. സന്തോഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here