മണിപ്പൂരിൽ സ്ഥിതി അതീവ ഗുരുതരം, പൊലീസുകാരനുൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു; സംഘർഷം അമിത് ഷാ സംസ്ഥാനത്ത് എത്താനിരിക്കെ

0
200

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അതേസമയം മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മണിപ്പൂരിലെത്തും.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിർത്തണമെന്ന് അമിത് ഷാ മെയ്തി, കുക്കി വിഭാഗങ്ങളോട് അഭ്യർത്ഥിച്ചു. നേരത്തെ അദ്ദേഹം ഇരുവിഭാഗങ്ങളിലെയും പ്രതിനിധികളോടും മറ്റും കൂടിക്കാഴ്ച നടത്തിയിരുന്നു.

അക്രമികൾ സെറോവിലും സുഗുനുവിലും നിരവധി വീടുകൾക്ക് തീയിട്ടു. ആയുധങ്ങളുമായി ഭീകരർ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാൽപ്പത് ഭീകരരെ വെടിവച്ച് കൊന്നതായി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു.

‘ഭീകരരരുടെ കൈവശം എ കെ 47 അടക്കമുള്ള ആയുധങ്ങളുണ്ട്. ഇവർ ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയാണ്. ഗ്രാമവാസികളുടെ വീടുകൾക്ക് തീവച്ചു. സൈന്യമടക്കമുള്ള സുരക്ഷാ സേനയുടെ സഹായത്തോടെ ഭീകരർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചുവരികയാണ്. ഇന്നലെ പുലർച്ചെ രണ്ട് മണി മുതൽ ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള അഞ്ച് പ്രദേശങ്ങളിൽ ഒരേ സമയം ആക്രമണം നടത്തി. ഇതുവരെ നാൽപ്പത് ഭീകരരെ വധിച്ചു.’- മുഖ്യമന്ത്രി പറഞ്ഞു. മെയ്‌തി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതിലുള്ള പ്രതിഷേധമാണ് വംശീയ കലാപമായത്. മേയ് മൂന്നിനാണ് കലാപം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here