കാശ് കൊടുത്ത് ടിക്കറ്റ് വാങ്ങി, വിശാലമായി സ്റ്റേഡിയത്തിൽ കിടന്ന് ജിയോ സിനിമയിൽ കളി കാണുന്ന യുവാവ്, വീഡിയോ

0
202

ജയ്പുർ: സിനിമയും സ്പോർട്സ് മത്സരങ്ങളുമെല്ലാം ഓൺലൈനിൽ കാണുന്ന സ്ട്രീമിം​ഗ് കാലത്തിലൂടെയാണ് ലോകം മുന്നോട്ട് പോകുന്നത്. സിനിമ കാണാനോ മത്സരം കാണാനോ പുറത്ത് പോകാതെ വീട്ടിൽ തന്നെയിരുന്ന് മൊബൈലിലും മറ്റ് ​ഗാഡ്ജറ്റുകളിലും ഉയർന്ന ക്വാളിറ്റിയിൽ കാണുന്നതാണ് ഇപ്പോഴത്തെ രീതി. ഐപിഎൽ മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്ത കൊണ്ട് ജിയോ സിനിമ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം കയ്യിലെ‌ടുക്കുകയും ചെയ്തു.

അതേസമയം, ഇപ്പോൾ ഒരു ഐപിഎൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ നിന്നുള്ള വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റേഡിയത്തിലെ കസേരയിൽ കിടന്ന് കൊണ്ട് അതേ മത്സരം ജിയോ സിനിമയിൽ ആസ്വദിക്കുന്ന ആരാധകനാണ് വീഡിയോയിലുള്ളത്. സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. ജിയോ സിനിമയ്ക്ക് ഇതിൽ കൂടുതൽ എന്ത് പ്രമോഷൻ വേണമെന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്. അതേസമയം, ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.

മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ച ഗുജറാത്തും പ്ലേ ഓഫിനായി പൊരുതുന്ന മുംബൈയും നേർക്കുനേർ വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. മുംബൈയുടെ കളരിയിൽ അടിയും തടയും പഠിച്ച ഹാർദിക് പാണ്ഡ്യക്ക് കീഴിൽ ഗുജറാത്ത് ഏറ്റവും സ്ഥിരതയുള്ള ടീമായിക്കഴിഞ്ഞു.

ഓപ്പണര്‍ ശുഭ്‌മാൻ ഗില്ലും വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലറും നയിക്കുന്ന ബാറ്റിംഗ് നിരയ്ക്കും പേസര്‍ മുഹമ്മദ് ഷമിയും വിസ്‌മയ സ്‌പിന്നര്‍ റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിരയ്ക്കുമൊപ്പം ഹാർദിക്കിന്‍റെ ഓൾറൗണ്ട് മികവ് കൂടിയാവുമ്പോൾ ഗുജറാത്തിന് ആശങ്കയൊന്നുമില്ല. അഹമ്മദാബാദിലേറ്റ 55 റൺസ് തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here