‘ഈ ചെലവ് താങ്ങാവുന്നതിലധികം’; നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ മദനിയുടെ തീരുമാനം

0
121

ബെംഗലൂരു: സുരക്ഷയൊരുക്കാർ കർണാടക സർക്കാർ പറഞ്ഞ തുക കൊടുത്ത് നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി നിലപാടെടുത്തു. ഇത്ര തുക നാട്ടിലേക്ക് പോകുന്നതിന് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് മദനിയുടെ കുടുംബം പറഞ്ഞു. മദനിയുടെ അച്ഛന്റെ ആരോഗ്യ നില അനുദിനം വഷളാകുന്ന സാഹചര്യമാണ്യ മദനിയേയും കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു. എങ്കിലും ഇത്ര ഭീമമായ തുക നൽകി നാട്ടിലേക്ക് വരേണ്ടതില്ലെന്ന് മദനി തീരുമാനമെടുക്കുകയായിരുന്നു. ഈ ചെലവ് താങ്ങാവുന്നതിലും അപ്പുറമെന്നും മദനിയുടെ കുടുംബം പ്രതികരിച്ചു.

20 ലക്ഷം രൂപ മാസം നൽകണമെന്നായിരുന്നു കർണാടക സർക്കാരിന്റെയും പൊലീസിന്റെയും നിലപാട്. 82 ദിവസത്തേക്ക് കേരളത്തിലേക്ക് വരുന്ന മദനി പത്തിടത്ത് സന്ദർശനം നടത്താനുള്ള ആവശ്യം സമർപ്പിച്ചതും കർണാടക പൊലീസ് സുപ്രീം കോടതിയിൽ പറഞ്ഞു. എന്നാൽ പത്തിടത്ത് സന്ദർശനം നടത്തുന്നില്ല, മറിച്ച് മൂന്നിടത്ത് മാത്രമേ സന്ദർശിക്കുന്നുള്ളൂവെന്ന് മദനിയുടെ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. എന്നാൽ കേരളത്തിലെ സുരക്ഷയൊരുക്കാൻ കർണാടക സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ചെലവിൽ ഇടപെടാൻ താത്പര്യപ്പെടുന്നില്ലെന്ന് നിലപാടെടുത്തു. ഇതോടെ കേരളത്തിലേക്ക് വരികയാണെങ്കിൽ സുരക്ഷയൊരുക്കുന്ന കർണാടക പൊലീസിന് പ്രതിമാസം 20 ലക്ഷം രൂപ നൽകാൻ മദനി നിർബന്ധിതനായി. ഇതോടെയാണ് കേരളത്തിലേക്കുള്ള യാത്രയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്.

കേരളത്തിലേക്ക് വരാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീം കോടതിയാണ് അനുമതി നൽകിയത്. കർണാടക പൊലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി നൽകി. സുരക്ഷയ്ക്കുള്ള ചെലവ് മദനിയിൽ നിന്ന് ഈടാക്കാനുമായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയത്. എസ്‌പി യതീഷ് ചന്ദ്രയെ കേരളത്തിലേക്ക് അയച്ച കർണാടക സർക്കാർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 82 ദിവസത്തെ സന്ദർശനത്തിന് ഈ നിലയിൽ 56 ലക്ഷത്തിലധികം രൂപ ചെലവ് വരും.

കഴിഞ്ഞ തവണ മദനിയുടെ കേരളത്തിലെ സുരക്ഷയ്ക്ക് 1.18 ലക്ഷം രൂപ മാത്രമാണ് 10 ദിവസത്തേക്ക് ചെലവായതെന്ന് അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടിയിരുന്നു. 20 ലക്ഷം രൂപ ഭീമമായ തുകയാണെന്ന് കപിൽ സിബൽ വാദിച്ചു. എന്നാൽ ആറംഗ സമിതിയുടെ റിപ്പോർട്ട് മുഖവിലക്കെടുത്ത് സുപ്രീം കോടതി ചെലവിന്റെ കാര്യത്തിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കർണാടക സർക്കാർ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി മദനിയുടെ ഹർജി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here