രാഹുലിന്‍റെ പരിക്കിന് പിന്നാലെ ലഖ്നൗവിന് അടുത്ത തിരിച്ചടി, സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി

0
163

ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് കനത്ത തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പിന്‍മാറ്റം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെ പ്രസവത്തിനായി മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് ലഖ്നൗ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ വുഡ് പറഞ്ഞു.

സീസണില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് വുഡ് ഐപിഎല്ലിലേക്കുള്ള രണ്ടാം വരവ് ആഘോഷമാക്കിയത്. എന്നാല്‍ സ്ഥിരത നിലനിര്‍ത്താനാവാഞ്ഞതും ടീം കോംബിനേഷനില്‍ ഉള്‍ക്കൊള്ളിക്കാനാവാഞ്ഞതും മൂലം ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് വുഡ് ലഖ്നൗവിനായി പന്തെറിഞ്ഞത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും കളിച്ച അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റ് എടുക്കുകയും ചെയ്ത വുഡിനെ പിന്നീട് അവസരങ്ങള്‍ നല്‍കാതിരുന്നത് ലഖ്നൗ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. നായകന്‍ കെ എല്‍ രാഹുലിന് പരിക്കേറ്റതിനാല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്. രാഹുലിന്‍റെ അഭാവത്തില്‍ ക്രുനാല്‍ പാണ്ഡ്യയാണ് ലഖ്നൗവിനെ നയിക്കുന്നത്.

നിലവില്‍ 11 കളികളില്‍ 11 പോയന്‍റുള്ള ലഖ്നൗ മൂന്നാം സ്ഥാനത്താമെങ്കിലും സീസണിലെ ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനാവു. ഇന്നലെ ഗുജറാത്തിനോടേറ്റ കനത്ത തോല്‍വി ലഖ്നൗവിന്‍റെ റണ്‍ റേറ്റിനെ ദോഷകരമായി ബാധിക്കാനും ഇടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here