9,9,1: ഉപതിരഞ്ഞെടുപ്പില്‍ UDF ന് രണ്ട് സീറ്റ് നേട്ടം, LDF ന് മാറ്റമില്ല,BJP ക്ക് ഒരു സീറ്റ് പോയി

0
334

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മികവ് പ്രകടിപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും. 19 തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഒമ്പത് വീതം സീറ്റുകളില്‍ യുഡിഎഫും എല്‍ഡിഎഫും ജയിച്ചപ്പോള്‍ ഒരു സീറ്റില്‍ ബിജെപി ജയിച്ചു. എല്‍ഡിഫിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. യുഡിഎഫിന്റെ ഒന്നും ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകളും ജനപക്ഷത്തിന്റെ ഒരു സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിങ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു.

ഒമ്പതു ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, രണ്ട് മുനിസിപ്പാലിറ്റി, പതിനഞ്ച് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫിന്റേയും ഏഴ് സീറ്റുകള്‍ യുഡിഎഫിന്റേയും രണ്ട് സീറ്റുകള്‍ ബിജെപിയുടേയും സിറ്റിങ് സീറ്റുകളായിരുന്നു. ഒരെണ്ണം ജനപക്ഷത്തിന്റേതായിരുന്നു.

ഉപ തിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകളിലെ ഫലം ജില്ലാ അടിസ്ഥാനത്തില്‍

തിരുവനന്തപുരം

  • മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.
  • പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ കാനാറ- കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 12 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ അപര്‍ണ സിപിഎമ്മിലെ രേവതി വി.എല്ലിനെയാണ് തോല്‍പ്പിച്ചത്.

കൊല്ലം

  • അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍- ബിജെപി സിറ്റിങ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ജി.സോമരാജന്‍ 264 വോട്ടുകള്‍ക്ക് ബിജെപിയുടെ ബബുല്‍ ദേവിനെ പരാജയപ്പെടുത്തി.

പത്തനംതിട്ട

  • മൈലപ്ര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ ജെസി വര്‍ഗീസ് 76 വോട്ടുകള്‍ക്കാണ് സിപിഎമ്മിന്റെ ഷെറിന്‍ ബി. ജോസഫിനെ മലര്‍ത്തിയടിച്ചത്.

ആലപ്പുഴ

  • ചേര്‍ത്തല മുനിസിപ്പല്‍ കൗണ്‍സിലിലെ മുനിസിപ്പല്‍ ഓഫീസ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.310 വോട്ടുകള്‍ക്ക് ഇടത് സ്വതന്ത്രന്‍ എ.അജി വിജയിച്ചു. ബിജെപിയാണ് രണ്ടാമത്.

കോട്ടയം

  • കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലിലെ പുത്തന്‍തോട്-കോണ്‍ഗ്രസ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 75 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ സൂസന്‍ കെ.സേവ്യര്‍ സിപിഐയിലെ സുകന്യ സന്തോഷിനെ പരാജയപ്പെടുത്തി.
  • മണിമല ഗ്രാമപഞ്ചായത്തിലെ മുക്കട- സിപിഎം സിറ്റിങ് സീറ്റ് നിലനിര്‍ത്തി. 127 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി സുജാ ബാബു കോണ്‍ഗ്രസിലെ പ്രയ്‌സ് ജോസഫിനെയാണ് പരാജയപ്പെടുത്തിയത്.
  • പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പെരുന്നിലം-ജനപക്ഷം സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ ബിന്ധു അശോകന്‍ 12 വോട്ടുകള്‍ക്കാണ് ജയിച്ചത്. കോണ്‍ഗ്രസാണ് രണ്ടാമതെത്തിയത്.

എറണാകുളം

  • നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ തുളുശ്ശേരിക്കവല- ബിജെപി സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിലെ അരുണ്‍ സി.ഗോവിന്ദന്‍ 99 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഉണ്ണികൃഷ്ണനെ തോല്‍പ്പിച്ചത്.

പാലക്കാട്

  • പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ബമ്മണ്ണൂര്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
  • മുതലമട ഗ്രാമപഞ്ചായത്തിലെ പറയമ്പള്ളം-സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി മണികണ്ഠന്‍ 124 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.
  • ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിലെ അകലൂര്‍ ഈസ്റ്റ്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി.
  • കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കല്ലമല-എല്‍ഡിഎഫ് സിറ്റിങ് സീറ്റ്‌ ബിജെപി പിടിച്ചെടുത്തു.
  • കരിമ്പ ഗ്രാമപഞ്ചായത്തിലെ കപ്പടം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ നീതുരാജ് 189 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

കോഴിക്കോട്

  • ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ ടൗണ്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ അബ്ദുള്‍ ഷുക്കൂര്‍ 112 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ ബിജെപി രണ്ടാമതും സിപിഎം മൂന്നാം സ്ഥാനത്തുമെത്തി.
  • പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണലാട്- യുഡിഎഫ് സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. 154 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാര്‍ഥി അജിത മനോജ് കോണ്‍ഗ്രസിലെ ഷാലി ജിജോയെ പരാജയപ്പെടുത്തിയത്.
  • വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലിര്‍ത്തി.

കണ്ണൂര്‍

  • മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പള്ളിപ്രം- യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എ.ഉമൈബ 1015 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
  • ചെറുതാഴം ഗ്രാമപഞ്ചായത്തിലെ കക്കോണി- സിപിഎം സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഒരു വോട്ടിനായിരുന്നു എല്‍ഡിഎഫ് ജയം.

LEAVE A REPLY

Please enter your comment!
Please enter your name here