മുഹമ്മദലി ശിഹാബ് തങ്ങളുടെ ഔന്നത്യം താനൂരിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ചു-കെ.ടി ജലീൽ

0
368

മലപ്പുറം- താനൂർ ദുരന്തത്തിന്റെ പശ്ചാതലത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ പുകഴ്ത്തി ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് മുൻ മന്ത്രി കെ.ടി ജലീൽ.  മരണം വരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയും കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന് പറഞ്ഞു യൂത്ത് ലീഗ് പ്രഖ്യാപിച്ച പ്രക്ഷോഭം’ മാറ്റിവെച്ചതായി പ്രഖ്യാപിച്ചതിലൂടെ തന്റെ വന്ദ്യപിതാവ് യശശ്ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഔന്നിത്യം മുനവ്വറലി തങ്ങൾ ഉയർത്തിപ്പിടിച്ചുവെന്ന് ജലീൽ വ്യക്തമാക്കി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയും പ്രതിപക്ഷ നേതാക്കളായ വി.ഡി സതീശൻ, കെ.സുധാകരൻ എന്നിവരെ കുറ്റപ്പെടുത്തിയുമാണ് ജലീൽ കുറിപ്പിട്ടത്.

കുറിപ്പിന്റെ പൂർണരൂപം:

താനൂർ കടപ്പുറത്ത് മനുഷ്യരുടെ കണ്ണുനീർ തിരമാലകളായ് ആർത്തലച്ചു. താനൂരിൽ ഹൗസ് ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് നാട് കേട്ടത്. കരളലിയിപ്പിക്കുന്ന രംഗങ്ങളാണ് ആശുപത്രികളിലും മരണവീടുകളിലും ദൃശ്യമായത്. ഒരു കുടുംബത്തിലെ ഒൻപതു പേർക്കാണ് ജീവൻ നഷ്ടമായത്!! കേരളം നടുങ്ങിയ മണിക്കൂറുകൾ. നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർഭത്തിനൊത്തുയർന്നു. ഇരുട്ടിനെ വകവെക്കാതെ രക്ഷാപ്രവർത്തനത്തിന് ജനങ്ങൾ ഒന്നിച്ചിറങ്ങി. സർക്കാർ സംവിധാനങ്ങൾ അവർക്കൊപ്പം പാറ പോലെ ഉറച്ചു നിന്നു.
എല്ലാ മൃതദേഹങ്ങളും നേരം വെളുക്കും മുമ്പ് കരക്കെത്തിച്ചു. തിരൂർ, തിരൂരങ്ങാടി, മഞ്ചേരി, പെരിന്തൽമണ്ണ ആശുപത്രികളിലേക്ക് ഒരോരുത്തരുടെയും താമസസ്ഥലങ്ങൾ നോക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. തൃശൂർ, കോഴിക്കോട്, മെഡിക്കൽ കോളേജുകളിൽ നിന്ന് സർജൻമാരുടെ പ്രത്യേക സംഘത്തെ നേരം പുലരും മുമ്പുതന്നെ മൃതദേഹങ്ങൾ എത്തിച്ച ആശുപത്രികളിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ നിയോഗിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ടവരെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലാക്കി. രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രി ദുരന്തമേഖലയിൽ പറന്നെത്തി.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ താനൂർ എം.എൽ.എയും കായിക മന്ത്രിയുമായ വി അബ്ദുറഹിമാൻ താനൂരിലും തിരൂരങ്ങാടിയിലുമായി രാവും പകലും കർമ്മനിരതനായി. വിവരമറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസും അഹമദ് ദേവർകോവിലും കുതിച്ചെത്തി. അബ്ദുസ്സമദ് സമദാനി എം.പിയും ജില്ലയിലെ എം.എൽ.എമാരും തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരും ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥ മേധാവികളും രക്ഷാ പ്രവർത്തനങ്ങൾ ചിട്ടയോടെ നിയന്ത്രിച്ചു.  ആശ്വാസ വചനങ്ങളുമായി പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും ജനക്കൂട്ടത്തിൽ ലയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ തിരൂരങ്ങാടി സർക്കാർ ആശുപത്രിയിൽ  രാവിലെ പത്ത് മണിയോടെ വന്നുചേർന്നു. എം.വി ഗോവിന്ദൻ മാസ്റ്ററും അദ്ദേഹത്തെ അനുഗമിച്ചു. മന്ത്രിമാരായ കെ രാജൻ, രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, റിയാസ്, അബ്ദുറഹിമാൻ, സജി ചെറിയാൻ, ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, അഹമദ് ദേവർകോവിൽ എന്നിവരെല്ലാം മുഖ്യമന്ത്രിയെ കാത്തുനിന്നു. എം.എൽ.എമാരായ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, നന്ദകുമാർ, ഹമീദ് മാസ്റ്റർ, എൻ ഷംസുദ്ദീൻ, പി.കെ ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർക്കൊപ്പം ഞാനും ആശുപത്രിയിൽ  ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥരുമൊത്തുള്ള ഹ്രസ്വ സംഭാഷണങ്ങൾക്കു ശേഷം ഒൻപത് ജീവൻ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച പരപ്പനങ്ങാടി കടപ്പുറത്തെ മദ്രസ്സയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും തിരിച്ചു. പിഞ്ചുകുഞ്ഞിന്റേതുൾപ്പടെ ആറ് ചേതനയറ്റ ശരീരങ്ങൾ നിരനിരയായി കിടത്തിയ കാഴ്ച ഹൃദയഭേദകമായിരുന്നു. ഞങ്ങളവിടെയിരിക്കെ ടി സിദ്ദീഖ് എം.എൽ.എയും ആര്യാടൻ ഷൗക്കത്തും മൃതദേഹങ്ങൾ കാണാൻ എത്തി.

അന്ത്യോപചാര ശേഷം  താനൂരിലെ മന്ത്രി റഹ്മാന്റെ എം.എൽ.എ ഓഫീസിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനനേതാക്കളും  പോയത്. അവിടെ ‘അവയ്‌ലബ്ൾ ക്യാബിനറ്റ്’ കൂടി. മരണപ്പെട്ട ഓരോരുത്തർക്കും 10 ലക്ഷം നഷ്ടപരിഹാരം നൽകാനും ദുരന്തത്തിന്റെ കാര്യകാരണങ്ങൾ പുറത്തുകൊണ്ടുവരാൻ പര്യാപ്തമാകുംവിധം ജുഡീഷ്യൽ അന്വേണം നടത്താനും ആശുപത്രിയിൽ കഴിയുന്നവരുടെ ചികിൽസാ ചെലവുകൾ മുഴുവൻ സർക്കാർ വഹിക്കാനും തീരുമാനമെടുത്തു.
പ്രസ്തുത വിവരം ജനപ്രതിനിധികളെയും രാഷ്ട്രീയ നേതാക്കളെയും മുഖ്യമന്ത്രി അറിയിച്ചു. എം.വി ഗോവിന്ദൻ മാസ്റ്ററും പാണക്കാട് സയ്യിദ് സാദിഖലി തങ്ങളും, ഇ.എൻ മോഹൻദാസും,  അബ്ബാസലി ശിഹാബ് തങ്ങളും പി.എം.എ സലാമും, കൃഷ്ണദാസൻ മാസ്റ്ററും മന്ത്രിമാരും എം.എൽ.എമാരും ഹാജരായിരുന്നു. എല്ലാവരും തീരുമാനത്തെ ഒരേസ്വരത്തിൽ സ്വാഗതം ചെയ്തു.

കാര്യങ്ങൾ പത്രക്കാരെ അറിയിച്ച മുഖ്യമന്ത്രി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നവരെ സന്ദർശിക്കാൻ കോട്ടക്കൽ മിംസിലേക്ക് പുറപ്പെട്ടു. ഡോക്ടർമാരുമായി അദ്ദേഹം ചർച്ച നടത്തി. പരിക്കേറ്റവരെ കണ്ടു. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. മുഖ്യമന്ത്രി വന്ന് പോകുവരെ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തെ അനുഗമിച്ചതും പത്രസമ്മേളനത്തിൽ ഇടത്തും വലത്തും നിലയുറപ്പിച്ചതും ജനങ്ങളിൽ മതിപ്പുളവാക്കി.

വൈകാതെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ചികിൽസയിൽ കഴിയുന്നവരുടെ വിവരങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ആശുപത്രിയിൽ ഓടിയെത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പിയും എം.എൽ.എമാരും മന്ത്രിക്കൊപ്പം രക്ഷപ്പെട്ടവരെ സന്ദർശിച്ചു. മന്ത്രി ഹോസ്പിറ്റൽ അധികൃതരുടെ അടിയന്തിര മീറ്റിംഗ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യമന്ത്രിയെ പുറത്ത് കാത്തുനിന്ന പത്രക്കാരോട് ചികിൽസയിലുള്ളവരുടെ ആരോഗ്യ സ്ഥിതി മന്ത്രി പങ്കുവെച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡണ്ട് സുധാകരനും സ്ഥലത്തെത്തിയ കാര്യം ദൃശ്യമാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. 2018 ൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ പറഞ്ഞ പോലെ ‘മനുഷ്യ നിർമ്മിത ദുരന്തമാണ്’ താനൂരിലേതെന്ന് ഇരുവരും വെച്ചുകാച്ചി. ടൂറിസം മന്ത്രി രാജിവെക്കണമെന്നും തട്ടിവിട്ടു. ഹൗസ് ബോട്ടുകൾക്ക് അനുമതി നൽകേണ്ട ഉത്തരവാദിത്വം പോർട്ട് വകുപ്പിനാണെന്ന പ്രാഥമിക അറിവു പോലും അവർക്കില്ലാതെ പോയതിൽ ദുഃഖം തോന്നി.

മരിച്ചവരുടെ മയ്യിത്തുകൾ ഖബറടക്കും മുമ്പ് ‘മനുഷ്യനിർമ്മിത ദുരന്ത’ത്തിനെതിരെ താനൂർ മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് കമ്മിറ്റി പ്രഖ്യപിച്ച സമരം താനൂർ ‘തിരിച്ചുപിടിച്ച’ യുവസിങ്കം ഉൽഘാടനം ചെയ്യുമെന്ന തലതിരിഞ്ഞ തീരുമാനം സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ലീഗണികളിൽ തന്നെ അമർഷത്തിന് കാരണമായി. സമരാഭാസത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. ജനങ്ങളുടെ പൾസ് അറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് മുനവ്വറലി തങ്ങൾ ‘മരണം വരിച്ചവർക്കു വേണ്ടി പ്രാർത്ഥിക്കുകയും കുടുംബങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്ന്’ പറഞ്ഞ് ‘പ്രക്ഷോഭം’ മാറ്റിവെച്ചതായി പ്രഖ്യാപിച്ചു. തന്റെ വന്ദ്യപിതാവ് യശശ്ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഔന്നിത്യം മുനവ്വറലി തങ്ങൾ ഉയർത്തിപ്പിടിച്ചത് പ്രശംസിക്കപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച ജഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി ദുരന്തത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പറയാൻ അവസരമുണ്ട്. നാട്ടുകാരും ദൃക്‌സാക്ഷികളും പരാതിക്കാരും സംഘടനകളും അവരവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും കമ്മീഷന് മുന്നിൽ പറയട്ടെ. അല്ലാതെ പുര കത്തുമ്പോൾ വാഴ വെട്ടാൻ നോക്കുകയല്ല ചെയ്യേണ്ടത്. താനൂരിലെ ഹൗസ് ബോട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ.

LEAVE A REPLY

Please enter your comment!
Please enter your name here