”നിങ്ങള്‍ അര്‍ഹിക്കുന്നത് നിങ്ങള്‍ക്ക് ലഭിക്കും”; തീരാതെ കോഹ്‍ലി നവീന്‍ പോര്

0
128

ലഖ്‌നൗ: കഴിഞ്ഞ ദിവസം ബാംഗ്ലൂർ ലഖ്‌നൗ മത്സരത്തിന് ശേഷം നടന്ന നാടകീയ സംഭവങ്ങൾ സൃഷ്ടിച്ച അലയൊലികൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാംഗ്ലൂർ താരം വിരാട് കോഹ്ലിയും ലഖ്‌നൗ മെന്റർ ഗൗതംഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇരുവരേയും തണുപ്പിച്ചത്. മത്സരശേഷം ബി.സി.സി.ഐ ഇരുവർക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയേർപ്പെടുത്തിയിരുന്നു.

എന്നാൽ കളിയിൽ അഫ്ഗാൻ താരം നവീനുൽ ഹഖും കോഹ്ലിയും തമ്മിൽ നടന്ന വാക്കേറ്റം ഇനിയും അവസാനിച്ചിട്ടില്ല. കളിക്കിടെ ബാറ്റ് ചെയ്യുകയായിരുന്ന നവീനുൽ ഹഖിനടുത്തേക്ക് രോഷത്തോടെ എത്തിയ കോഹ്ലി തന്റെ കാലിലെ ഷൂ ഉയർത്തി അതിന് താഴെയുള്ള പുല്ലെടുത്ത് കാണിച്ച് എന്തോ പറയുന്നുണ്ടായിരുന്നു. പിന്നീട് അമ്പയറും നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന അമിത് മിശ്രയും ചേർന്ന് കോഹ്ലിയെ തടയാൻ ശ്രമിക്കുന്നത് കാണാം.തടയാന്‍ വന്ന അമിത് മിശ്രയോടും കോഹ്ലി തട്ടിക്കയറി. മിശ്ര കോഹ്ലിയോട് രൂക്ഷമായി തന്നെ പ്രതികരിച്ചു.

മത്സരത്തിന്റെ 17ാം ഓവറിൽ ഇരുവർക്കുമിടയിൽ ആരംഭിച്ച സംഘർഷം കളിക്ക് ശേഷവും തുടർന്നു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി.

മത്സരശേഷം നവീൻ ഇസ്റ്റഗ്രാമിലിട്ടൊരു സ്‌റ്റോറിയാണിപ്പോൾ ഇരുടീമുകളുടേയും ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ”നിങ്ങൾ എന്താണോ അർഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കുമെന്നാണ്” നവീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീന് പിഴ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here