മുസ്ലിം ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ

0
137

കോഴിക്കോട് : മുസ്ലിംലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതിയെന്ന് സിപിഎമ്മിന് കെ എം ഷാജിയുടെ മറുപടി. മുസ്‌ലിം ലീഗ് യുഡിഎഫിന്റെ നട്ടെല്ലാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശം അംഗീകാരമാണ്. എന്നാൽ ലീഗിനെ ഇടതുപക്ഷത്തിന്റെ നട്ടെല്ലാക്കാമെന്ന പൂതി മനസിൽ വെച്ചാൽ മതി. ബിജെപിക്കെതിരെ ഒന്നിക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടുന്നത്. എന്നാൽ സിപിഎമ്മിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. ആരുമായും ഒന്നിക്കാത്ത പാര്‍ട്ടി സിപിഎമ്മാണെന്നും കെ എം ഷാജി കുറ്റപ്പെടുത്തി.

കോൺഗ്രസ് നിലപാടുകളെ ലീഗ് പലപ്പോഴും വിമർശിച്ച് സംസാരിച്ചിട്ടുണ്ട്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മുതലാളി പറഞ്ഞത് അനുസരിച്ച് മൂളി നിൽക്കൽ അല്ല ജനാധിപത്യം. സിപിഐയെ പോലെ സിപിഎം പറയുന്നത് കേട്ട് നിൽക്കുന്ന പാർട്ടിയല്ല ലീഗെന്ന് ഗോവിന്ദൻ മാഷ് മനസിലാക്കണം. അത് മനസ്സിലാക്കി വേണം മുന്നണിയിലേക്ക് ക്ഷണിക്കാനെന്നും കെഎം ഷാജി തുറന്നടിച്ചു. കോഴിക്കോട് കുറ്റിച്ചിറയിൽ ലീഗ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി .

മുസ്ലിംലീഗിനെ പിണക്കാത്ത രീതിയിലുള്ള ഇടപെടലുകളാണ് ഈയടുത്ത കാലത്ത് സിപിഎം സ്വീകരിച്ച് വരുന്നത്. ലീഗ് വ‍ര്‍ഗീയ പാര്‍ട്ടിയാണെന്ന അഭിപ്രായം സിപിഎമ്മിനില്ലെന്നും ന്യൂനപക്ഷങ്ങൾക്കു വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയായാണ് ലീഗിനെ സിപിഎം കണ്ടിട്ടുള്ളതെന്നായിരുന്നു എംവി ഗോവിന്ദൻ ഒരുവേളയിൽ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് കെഎം ഷാജിയുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here