കണ്ണീര്‍ക്കടലായി വേനലവധിക്കാലം; സംസ്ഥാനത്ത് മെയ് 8 മുതല്‍ ഇന്ന് വരെ മുങ്ങിമരിച്ചത് 32 കുട്ടികള്‍

0
165

തിരുവനന്തപുരം: താനൂർ ബോട്ട് അപകടത്തിൽ കേരളത്തെ കണ്ണീരിലാക്കിയത് കൊല്ലപ്പെട്ട 22 പേരിൽ 15 പേരും കുട്ടികളാണ് എന്നതാണ്. സംസ്ഥാനത്തെയൊന്നാകെ നൊമ്പരത്തിലാഴ്ത്തിയ ദുരന്തത്തിന്റെ വേദന മായുന്നതിന് മുൻപ് 20 ദിവസത്തിനിടെ തുടർച്ചയായി അപകടങ്ങൾ ആവർത്തിച്ചു. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നടന്ന അപകടങ്ങളിൽ 32 കുട്ടികളാണ് മുങ്ങി മരിച്ചത്. ഇന്ന് അച്ചൻകോവിലാറ്റിൽ മുങ്ങിമരിച്ച വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത് എന്നിവരാണ് ഈ കണക്കിലെ അവസാന പേരുകാർ.

മെയ് 20 നാണ് ഇതിന് മുൻപ് കുട്ടികൾ മുങ്ങിമരിച്ചത്. മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളിൽ രണ്ടു പേരാണ് ഒഴുക്കിൽപെട്ട് മരിച്ചത്. തഴക്കര പഞ്ചായത്ത് 10ാം വാർഡിൽ തറാൽ തെക്കതിൽ ഉദയൻ, ബീനാ ദമ്പതികളുടെ മകൻ അഭിമന്യു (14) തറാൽ വടക്കേതിൽ സുനിൽ, ദീപ്തി ദമ്പതികളുടെ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. അഭിമന്യു എസ്എസ്എൽസി  പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിയായിരുന്നു.

മെയ് 19 ന് തൃശൂർ ആനന്ദപുരത്ത്  ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചാലക്കുടി തുരുത്തിപറമ്പ് സാദേശി വെളിയത്ത് ഉണ്ണികൃഷ്ണന്റെ മകൻ ആദർശ് (21) ആണ് മരിച്ചത്. മുരിയാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ആദർശ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കുളത്തിന്റെ മറുകരയിലേയ്ക്ക് നീന്തുന്നതിനിടെ മുങ്ങി പോവുകയായിരുന്നു.

മെയ് 16 ന് ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയാറിലായിരുന്നു (വട്ടത്തിലാർ) അപകടം. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസില്‍ തുളസീധരൻ നായർ അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയതായിരുന്നു തിരുവനന്തപുരം ഗവ.ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന മീനു.

മെയ് 15 ന് ചടയമംഗലത്ത് ഇത്തിക്കരയാറ്റിൽ ആറാട്ടുകുളം ഭാഗത്ത് കുളിക്കുന്നതിനിടെ പേരോടം സ്വദേശി അഭിനവ് (15) ആണ് മുങ്ങിമരിച്ചത്. ഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മെയ് 14 ന് പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ കൊടലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ (12) വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽ കുമാർ മകൻ അഭിജിത്ത് (13) എന്നിവരും മരിച്ചു. മുങ്ങാംകുഴി ഇടുന്നതിനിടെ കുളത്തിന്റെ താഴേത്തട്ടിലെ ചേറിൽ കുടുങ്ങുകയായിരുന്നു.

മെയ് 13 ന് വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണാണ് മൂന്ന് കുട്ടികൾ മരിച്ചത്. ചെറിയപല്ലം തുരുത്തു സ്വദേശി ബിജുവിന്‍റെയും കവിതയുടേയും മകള്‍ ശ്രീവേദ, കവിതയുടെ സഹോദരൻ ബിനു -നിത ദമ്പതികളുടെ മകൻ അഭിനവ്, ശ്രീരാഗ് എന്നിവരാണ് മുങ്ങിമരിച്ചത്.

മെയ് 11 ന് അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു.

മെയ് എട്ടിനായിരുന്നു കേരളത്തെ നടുക്കിയ താനൂർ ബോട്ട് ദുരന്തം. എന്നാൽ ഇത് നടക്കുന്നതിന് തൊട്ടുമുൻപ് കേരള – കർണാടക അതിർത്തിയായ കേന്യയിലെ കുമാരധാര പുഴയിൽ കുളിക്കാനിറങ്ങിയ സഹോദരികളായ ഹംസിത (15 ), ഹവന്ദിക (11) എന്നിവർ മുങ്ങിമരിച്ചിരുന്നു. അന്ന് തന്നെ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട ഐക്യത്തറ വീട്ടിൽ മുരളി ആശ ദമ്പതികളുടെ മകൻ ബാലു മുരളി (15) മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം പുറക്കാട് തൈച്ചിറ കന്നിട്ടക്കടവിന് വടക്ക് ടി എസ് കനാലിന് കുറുകെ ഇടയാടിച്ചിറയിലേക്ക് നീന്തുന്നതിനിടെ മുങ്ങിത്താണ് പോവുകയായിരുന്നു. അമ്പലപ്പുഴ ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു.

വൈകീട്ടാണ് താനൂർ ബോട്ടപകടം നടന്നത്. അതിൽ കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്‌ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്), പരപ്പനങ്ങാടി കുന്നമ്മൽ വീട്ടിൽ ഫാത്തിമ റൈന (എട്ട് മാസം), ഫാത്തിമ റുസ്ന (ഏഴ് വയസ്), സഹാറ (എട്ട് വയസ്), ഫിദ ദിൽന(എട്ട്), ഷംന (17), ഷഹല (12), ഹസ്ന (18), ജമീർ (10) നെടുവ വെട്ടിക്കുത്തി വീട്ടിൽ സൈനുൽ ആബിദിന്റെ മക്കളായ ആദിൽ ഷെറിൻ (15), മുഹമ്മദി അദ്നാൻ (10), മുഹമ്മദ് അഫ്ഹാൻ (മൂന്നര) എന്നിവരും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here