മഞ്ചേശ്വരം: കര്‍ണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധന കര്‍ശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബേരിപ്പദവ്, കുരുഡപ്പദവ്, പൊന്നങ്കള, പെര്‍ള, ദൗഡുഗോളി, ഗുഹദപ്പദവ് തുടങ്ങിയ പത്തോളം സ്ഥലങ്ങളിലാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മുഴുവന്‍ സമയവും പരിശോധന കര്‍ശനമാക്കിയത്. ബായാറിലും പൈവളിഗെയിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പണം, ആയുധങ്ങള്‍ തുടങ്ങിയവ കടത്താന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ച് വരികയാണ്. പത്ത് ദിവസം മുമ്പ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ 20 പൊലീസുകാരെ കൂടുതലായി നിയമിച്ചിരുന്നു. ഇത് കൂടാതെ പത്ത് പൊലീസുകാരെ കൂടി ഇന്നലെ നിയമിച്ചു. രാത്രിയും പകലുമായി 6 ജീപ്പുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. സംശയ സാഹചര്യത്തില്‍ കാണുവരെയും മുമ്പ് കേസുകളില്‍ പ്രതികളായവരെയും വാഹനവും കസ്റ്റഡിയിലെടുക്കുന്നുണ്ട്.
Also Read:35 കാരി കോടതിയില്‍ വെച്ച് കാമുകനായ യു.പി സ്വദേശിക്കൊപ്പം പോയി; കരഞ്ഞ് തളര്‍ന്ന് മകന്‍
രണ്ട് ദിവസത്തിലൊരിക്കല്‍ ഡി.വൈ.എസ്.പി പരിശോധനാ കേന്ദ്രങ്ങള്‍ നേരിട്ട് പരിശോധിക്കും. പരിശോധനയില്‍ പൊലീസുകാര്‍ക്ക് വീഴ്ച്ച സംഭവിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകും. കര്‍ണാടകയിലേക്ക് കടന്നു പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ പ്രശ്‌നബാധിത സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് എസ്.ഐയും അഡിഷണല്‍ എസ്.ഐമാരും ക്യാമ്പ് ചെയ്യും.