‘കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച് കര്‍ണാടക കോളജ്; റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

0
240

വര്‍ഗീയ ഉള്ളടക്കങ്ങളോടെ പുറത്തിറങ്ങിയ ‘ദ കേരള സ്റ്റോറി’ കാണാന്‍ നിര്‍ബന്ധിച്ച കര്‍ണാടകയിലെ കോളജ് നടപടി റദ്ദാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍. ബഗല്‍കോട്ട് ശ്രീ വിജയ് മഹന്തേഷ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആണ് വിദ്യാര്‍ഥിനികളോട് വിവാദ സിനിമ സൗജന്യമായി കാണാൻ നിർദ്ദേശിച്ചത്. പ്രിന്‍സിപ്പല്‍ കെ.സി ദാസ് ആണ് നോട്ടീസ് ഇറക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തില്‍ ഇടപെട്ടതോടെ കോളജ് നോട്ടീസ് റദ്ദാക്കി. ഇതോടെ വിദ്യാര്‍ഥികളുടെ സിനിമ കാണല്‍ മുടങ്ങി.

ബുധനാഴ്ച 11 മുതല്‍ അര്‍ധ അവധി പ്രഖ്യാപിച്ചാണ് ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ നോട്ടീസ് ഇറക്കിയത്. ഉച്ചയ്ക്ക് 12 മുതല്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിന്‍റെ പേരും നോട്ടീസില്‍ പറഞ്ഞിരുന്നു. സൗജന്യമായി സിനിമ കാണാമെന്നും എല്ലാവരും നിര്‍ബന്ധമായും സിനിമ കണ്ടിരിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസ് ടാക്കീസില്‍ വെച്ചാണ് സിനിമാ പ്രദര്‍ശനം തീരുമാനിച്ചിരുന്നത്.

എന്നാല്‍ കര്‍ണാടക ജാഗ്രത നാഗരികറു സംഘടനയുടെ നേതൃത്വത്തില്‍ കന്നഡ എഴുത്തുകാരായ കെ. മരുളസിദ്ധപ്പ, എസ്.ജി. സിദ്ധരാമയ്യ, വിദ്യാഭ്യാസ പ്രവർത്തകൻ വി.പി. നിരഞ്ജനാരാധ്യ എന്നിവർ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തു നൽകി. പിന്നാലെ മുഖ്യമന്ത്രി സംഭവത്തില്‍ ഇടപെടുകയും തഹസില്‍ദാരെയും ബഗല്‍കോട്ട് ഡെപ്യൂട്ടി കമ്മീഷണറെയും നേരിട്ട് വിളിപ്പിച്ചാണ് നോട്ടീസ് പിന്‍വലിപ്പിച്ചത്. അവധി പിന്‍വലിച്ച കോളജ് ഉച്ചയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് പതിവുപോലെ ക്ലാസുകള്‍ സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here