ബെംഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ എല്ലാ പദ്ധതികളും നിർത്തിവെക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സർക്കാറിന്റെ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. അധികാരമേറ്റെടുത്ത ശേഷം സിദ്ധരാമയ്യയുടെ പ്രധാന തീരുമാനമാണിത്. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും കീഴിലുള്ള എല്ലാ തുടർ നടപടികളും ഉടനടി നിർത്തണമെന്നും ആരംഭിക്കാത്ത പദ്ധതികൾ ആരംഭിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബിജെപി അനുവദിച്ച പല പദ്ധതികൾക്കും സുതാര്യതയില്ലെന്നും അംഗീകാരമില്ലെന്നും നിയമസഭാംഗങ്ങളും ജനങ്ങളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് സിഎംഒ അറിയിച്ചു. ചില പദ്ധതികളിൽ വർക്ക് ഓർഡറുകൾ ഇല്ലാതെ പണം നൽകിയിട്ടുണ്ട്. ചില പദ്ധതികളിൽ ഒന്നും നടത്താതെ കടലാസിൽ മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി അവയെല്ലാം പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരിശോധന പൂർത്തിയായ ശേഷമേ തുടർ നടപടിയുണ്ടാകൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ബിജെപി അനുവദിച്ച പുതിയ പ്രവൃത്തികളിൽ ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടത്തിന് ശേഷം അനുമതി നേടിയവയാണെന്ന് ആരോപണമുയർന്നിരുന്നു.
കഴിഞ്ഞ ദിവസം കര്‍ണാടക വിധാൻ സഭയ്ക്ക് മുന്നില്‍ കോൺഗ്രസ് പ്രവർത്തകർ പ്രത്യേക പൂജ നടത്തിയിരുന്നു. ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാൻ സഭയുടെ പരസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളിൽ നിന്നും അഴിമതിയിൽ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. 40 ശതമാനം അഴിമതി സർക്കാരിനെ പുറത്താക്കി പ്രതീകാത്മകമായി ശുദ്ധീകരിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ കൂട്ടിച്ചേര്‍ത്തു. ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു.