എന്നാൽ, ബി.ജെ.പിയുമായി സജീവ ബന്ധം നിലനിർത്തുന്നയാളാണ് ഷാഫി സഅദി. 2021 നവംബർ 17നാണ് വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായ ഷാഫി സഅദി വിജയിച്ചത്. ബി.ജെ.പിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായിരുന്നു അദ്ദേഹം. ‘മുസ്ലിംകൾക്കും തങ്ങൾക്കുമിടയിലെ വിടവ് നികത്തുന്ന പാലമാണ് ഷാഫി സഅദി’ എന്നാണ് നിയമമന്ത്രി ജെ.സി. മധുസ്വാമി അന്ന് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ജയം ബി.ജെ.പിയുടെ നേട്ടമായി മുസ്റെ വകുപ്പ് മന്ത്രി ശശികല ജോലെയും വിശേഷിപ്പിച്ചിരുന്നു.
2010ലും 2016ലും എസ്.എസ്.എഫ് കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഷാഫി സഅദി, ഉത്തര കര്‍ണാടകയില്‍ എസ്.എസ്.എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍ ഇഹ്സാന്‍ വിദ്യാഭ്യാസ സമുച്ഛയത്തിന്റെ മുഖ്യ സംഘാടകനാണ്. കാന്തപുരം വിഭാഗം സംഘടനയായ കർണാടക മുസ്ലിം ജമാഅത്തിന്റെ നേതാവ് കൂടിയാണ് ഇദ്ദേഹം.
മുസ്ലിം ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടുള്ള ഷാഫിയുടെ പ്രസ്താവനയിൽ ദുരൂഹത ആരോപിച്ച് തുടക്കം മുതൽതന്നെ കോൺഗ്രസ് അടക്കമുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു. പ്രസ്താവനയുടെ സ്വരം ബി.ജെ.പിയുടേതാണെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. ബി.ജെ.പി സർക്കാറിന്റെ കാലത്ത് വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാഫി സഅദിയുടെ തിരക്കിട്ട പ്രസ്താവന കർണാടകയിൽ കോൺഗ്രസിനെയും മുസ്ലിംകളെയും താറടിക്കാനുള്ള ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് വിവരം. ഇത് ശരിവെക്കുന്നതാണ് ഇന്നത്തെ ജന്മഭൂമിയുടെ എഡിറ്റോറിയൽ.
‘മുസ്ലിംകളുടെ പിന്തുണകൊണ്ടാണ് എഴുപതിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന അവകാശവാദവും മുസ്ലിം മതനേതൃത്വം ഉന്നയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകാൻ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും പോരടിക്കുമ്പോഴാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാതിനിധ്യത്തിനുവേണ്ടി വിലപേശല്‍ തന്ത്രവുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേടിയ വിജയം കടുത്ത മതധ്രുവീകരണത്തിന്റെ ഫലമാണെന്നതിന്റെ പരസ്യപ്രഖ്യാപനമാണ് മുസ്ലിം നേതാക്കള്‍ നടത്തിയിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെട്ട് മതത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതെന്നും വ്യക്തമായിരിക്കുന്നു. ഉപമുഖ്യമന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം നല്കി കോണ്‍ഗ്രസ് മതപരമായ പിന്തുണ നേടിയെടുക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു. ഭരണഘടനാ വിരുദ്ധമായി മതത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന സംവരണം ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ് ജനാധിപത്യവും മതേതരത്വവുമൊക്കെ മതശക്തികള്‍ക്ക് മുന്നില്‍ അടിയറവെക്കുകയായിരുന്നു. തങ്ങളുടെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസിന്റെ എഴുപതിലേറെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്ന മുസ്ലിം നേതാക്കളുടെ അവകാശവാദത്തിന് ഒരു മറുവശമുണ്ട്. മറ്റുള്ളവര്‍ ഹിന്ദുക്കളുടെ പിന്തുണകൊണ്ട് ജയിച്ചവരാണെന്ന വാദം ഇവര്‍ അംഗീകരിക്കുമോ? ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും ഹിന്ദുസംഘടനകള്‍ മന്ത്രിസഭയിലും മറ്റും പ്രാതിനിധ്യത്തിന് അവകാശമുന്നയിച്ചാല്‍ അതിനോട് ഈ മുസ്ലിം നേതൃത്വം എങ്ങനെയാവും പ്രതികരിക്കുക?’ – മുഖപ്രസംഗം പറയുന്നു.
കഴിഞ്ഞ ദിവസം സുന്നി ഉലമ ബോർഡിന്റെ പേരിൽ ഒരു വിഭാഗം സുന്നി നേതാക്കളെ മാത്രം വിളിച്ചുകൂട്ടി ഷാഫി സഅദി വിളിച്ചുചേർത്ത യോഗത്തിന്റേതെന്ന പേരിലാണ് വിവാദ ആവശ്യം ഉന്നയിച്ചത്. സുന്നി ഉലമ ബോർഡിലെ മുഴുവൻ അംഗങ്ങൾ പോലുമറിയാതെയായിരുന്നു യോഗം.
ഷാഫി സഅദിയുടെ പ്രസ്താവനക്ക് പിറകെ വിഷയം ഏറ്റെടുത്ത് കോൺഗ്രസിനെ വിമർശിച്ച് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തുവന്നിരുന്നു. എന്നാൽ, കർണാടകയിലെ പരാജയത്തിൽ അസ്വസ്ഥരായ ബി.ജെ.പിയുടെ വിദ്വേഷവും വിഷവും നിർമിക്കുന്ന ഫാക്ടറികൾ കൂടുതൽ സജീവമായതായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പ്രതികരിച്ചു.