കണ്ണൂര്‍: ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ വന്‍ മയക്കുമരുന്ന്-കഞ്ചാവ് വ്യാപാരം. കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശിയായ ഇബ്രാഹിമിനെയാണ് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ എ.സി.പി. ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആന്ധ്രയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും പ്രധാന ലഹരി വ്യാപാരി എന്നാണ് ഇബ്രാഹിമിനെ പൊലീസ് വിശേഷിപ്പിക്കുന്നത്. മലബാര്‍ മേഖലയില്‍ കഴിഞ്ഞ കുറേക്കാലമായി ടണ്‍ കണക്കിന് കഞ്ചാവ് എത്തിച്ചത് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കണ്ണൂര്‍ എടച്ചൊവ്വയില്‍ 2022 ആഗസ്റ്റ് 31ന് 60 കിലോ കഞ്ചാവ് ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. എ.സി.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്. അന്ന് ഉളിക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ റോയ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എടച്ചൊവ്വയിലെ ഒരു വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. വീട്ടുടമയായ ഷാഖില്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ഈ കേസിന്റെ അന്വേഷണമാണ് കഞ്ചാവിന്റെ മുഖ്യ കണ്ണിയിലേക്ക് എത്തിയത്. പ്രതി കണ്ണൂരിലെ പ്രധാന ഹോട്ടല്‍ വ്യാപാരി കൂടിയാണ്. നിലവില്‍ ആന്ധ്ര കേന്ദ്രീകരിച്ച് റിസോര്‍ട്ടും മറ്റും നടത്തി ലഹരി വില്‍പന മാത്രമായി.