കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. മന്ത്രിസഭ പൂര്‍ണമായും വികസിപ്പിച്ചതിന് ശേഷമായിരിക്കും ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടാവുക. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കല്‍.
അതിനാല്‍ തന്നെ ആദ്യ പൂര്‍ണമന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്‌ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഹരജി സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.
അതേസമയം, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദളിനെ കര്‍ണാടകയില്‍ നിരോധിക്കാനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്.
ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയാല്‍ ബജറംഗദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടും. നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്. ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ” എന്നാണ് പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പൊലീസുകാര്‍ കാവി ഷാളോ, ചരടോ അണിഞ്ഞ ജോലിക്കെത്തുന്നത് അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. മംഗളുരു, വിജയപുര, ബാഗല്‍കോട്ട് എന്നിവടങ്ങളില്‍ പൊലീസുകാര്‍ കാവി ഷാള്‍ അണിഞ്ഞു ജോലിക്കെത്തിയ സംഭവത്തെ തുടര്‍ന്നാണ് ഡി.കെയുടെ കര്‍ശന നിര്‍ദേശം.